തലശ്ശേരി: മംഗളൂരു- കോട്ടയം എക്സ്‌പ്രസിനും മംഗളൂരു- പാട്ന എക്സ്‌പ്രസിനും പുതുതായി ആരംഭിക്കാൻ പോകുന്ന മംഗളൂരു- രാമേശ്വരം ട്രെയിനിനും തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് സി.പി.ആലിപ്പികേയിയും സെക്രട്ടറി ശശികുമാർ കല്ലിഡുംബിലും റെയിൽവേ ഡിവിഷണൽ മാനേജർക്കും, ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിവേദനം നൽകി.
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന 16511/16512 ബംഗളൂരു- കണ്ണൂർ എക്സ്‌പ്രസിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ച് കോഴിക്കോട് വരെ നീട്ടാൻ റെയിൽവേ അനുമതി നൽകിയെങ്കിലും ട്രെയിൻ ഇനിയും ഓടി തുടങ്ങിയിട്ടില്ല. ഇങ്ങനെയൊരു ട്രെയിൻ സർവീസ് ആരംഭിച്ചാൽ പരശുറാം എക്സ്‌പ്രസിലെ തിരക്ക് കുറയ്ക്കാൻ കഴിയും.
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പാലക്കാട് ഡിവിഷനിലെ ആറ് എ ക്ലാസ് റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായിരുന്നു തലശ്ശേരി. അക്കാലത്ത് തലശ്ശേരി സ്റ്റേഷൻ അനുഭവിച്ചിരുന്ന സൗകര്യങ്ങൾ പിന്നീട് ഒരോന്നായി നഷ്ടപ്പെടുകയായിരുന്നു. ഇന്ന് ദീർഘദൂര ട്രെയിനുകൾക്ക് പലതിനും ഇവിടെ സ്റ്റോപ്പില്ല.