പരിയാരം: പ​യ്യ​ന്നൂ​രിൽ ഞായറാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ അനിലയുടേത് കൊലപാതകം. തലയ്ക്കടിച്ചും കഴുത്തു ഞെരിച്ചും കൊന്നെന്നാണ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. രക്തം വാർന്നാണ് മരിച്ചതെന്ന സൂചനയും റിപ്പോർട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

അനിലയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന സുദർശൻപ്രസാദ് എന്ന ഷിജുവും ആത്മഹത്യ ചെയ്തിരുന്നു. പയ്യന്നൂർ അന്നൂരിലെ വീട്ടിൽ അനിലയെ കൊലപ്പെടുത്തിയ ശേഷം ഷിജു നാട്ടിൽ പോയി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രണ്ടു വർഷത്തിലേറെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദർശൻപ്രസാദ് എന്ന ഷിജു സ്കൂൾ പൂർവവിദ്യാർത്ഥി സംഗമത്തിലാണ് അനിലയെ കണ്ടുമുട്ടിയത്. ഇരുവരും തമ്മിൽ അടുത്തത് വീട്ടുകാർക്കിടയിലും പ്രശ്നമായി. ഒടുവിൽ ഷിജുവിൽ നിന്ന് അകലാൻ തീരുമാനിച്ചപ്പോഴാണ് അനില കൊല്ലപ്പെട്ടത്. മൂന്നിന് രാവിലെ ജോലിസ്ഥലമായ മാതമംഗലത്തെ മലബാർ ഫർണിച്ചറിലേക്കിറങ്ങിയ അനില ഷിജുവിനോടൊപ്പം പോവുകയായിരുന്നു.

അനിലയുടെ മൃതദേഹം ഇന്നലെ രാവിലെ കോയിപ്ര നിദ്രാഞ്ജലി ശ്മശാനത്തിൽ സംസ്കരിച്ചു. ഷിജുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം പൂർത്തീകരിച്ച് വെള്ളരിയാനം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.