നീലേശ്വരം: നീലേശ്വരം കൊട്ടുംപുറത്ത് റെയിൽവേ ഓവർ ബ്രിഡ്ജിനൊപ്പം കാൽനട യാത്രക്കാരെ വീഴ്ത്താൻ പി.‌ഡബ്‌ള്യു.ഡി ഒരുക്കിയ കെണി ഇനിയും നീക്കിയില്ല. നീണ്ട മുറവിളിക്ക് ശേഷമാണ് നീലേശ്വരം കൊട്ടുംപുറത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് യഥാർത്ഥ്യമായത്.

ഓവർ ബ്രിഡ്ജ് നിർമ്മിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് റെയിൽവേ ലൈൻ മുറിച്ചു കടക്കാതെ മറുവശത്തേക്ക് കടന്നുപോകുവാനുള്ള ഫുട് ഓവർ ബ്രിഡ്ജ് കൂടിപ്പണിതു. എന്നാൽ ഈ നടപ്പാതയിലേക്ക് കിഴക്ക് വശത്തു നിന്ന് കയറാനുള്ള ഗോവണിയുടെ തൂണുകളിൽ വിള്ളൽ വീണ് ഒരു വശത്തേയ്ക്ക് ചെരിഞ്ഞിരിക്കുകയാണ്. അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പരാതികൾ നിരവധിയായിട്ടും പി.ഡബ്‌ള്യു.ഡി കുലുങ്ങിയില്ല.

പി.ഡബ്‌ള്യു.ഡി റോഡ് വിഭാഗം രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാലത്തിന്റെ തൂണുകൾ ചെരിഞ്ഞ നിലയിൽ തന്നെ കിടക്കുകയാണ്.

ഇപ്പോഴും കാൽനട യാത്രക്കാർ റെയിൽവേ പാളം മുറിച്ചു കടന്നാണ് പോകുന്നത്. മന്നൻ പുറത്ത് കാവിന് മുന്നിലൂടെ ഇരട്ടപ്പാളം മുറിക്കേണ്ടിവരുന്നു. ഇവിടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്ന് മരണങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

മരണം വരെ കാത്തിരിക്കരുതേ..
രാജാസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും ട്രെയിൻ യാത്രക്കാരും പ്രദേശത്തെ നാട്ടുകാരും കടന്നുപോകുന്ന വഴിയാണിത്. അപകടം സംഭവിക്കുന്നതിനു മുൻപേ വേണ്ട നടപടികൾ എടുക്കണമെന്നാണ് ഇവിടുത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും, നാട്ടുകാരും പറയുന്നത്. പല സ്ഥലത്തും ട്രെയിൻ തട്ടി മരണം നടക്കുന്നത് ഇതുപോലുള്ള സ്ഥലങ്ങളിലെ റെയിൽവേപ്പാളം മുറിച്ചു കടക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ അധികൃതർ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഇവർ പറയുന്നു.