കണ്ണൂർ: പിണറായി പെരുമ കൊടിയേറ്റം എട്ടിന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായി കൺവൻഷൻ സെന്ററിലും, പ്രത്യേകം സജ്ജമാക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിലും നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 14 വരെ നാടകോത്സവം, കവിയരങ്ങ്, പ്രഭാഷണം എന്നിവയും 15 മുതൽ 21 വരെ പ്രശസ്ത സെലിബ്രറ്റികളുടെ മെഗാ പരിപാടികളുമാണ് സംഘടിപ്പിക്കുക. കലാ സംഘാടകനും സംവിധായകനുമായ സൂര്യകൃഷ്ണമൂർത്തിയാണ് ഫെസ്റ്റിവെൽ ഡയറക്ടർ. എട്ടിന് വൈകീട്ട് ആറിന് സിനിമ നടൻ മധുപാൽ കൊടി ഉയർത്തും. 21ന് വൈകീട്ട് 7.30ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ പത്മവിഭൂഷൺ അംജത് അലിഖാന്റെ സരോദ് വായനയുമുണ്ട്. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ അഡ്വ. വി.പ്രദീപൻ, പി.എം.അഖിൽ, കെ.യു.ബാലകൃഷ്ണൻ, എ.നിഖിൽകുമാർ, വി. ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.