photo-1-
തോട്ടടയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ നേതൃത്വത്തിൽ കിടന്ന് പ്രതിഷേധിക്കുന്നു

കണ്ണൂർ: ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം ഇന്നലെയും. ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമരസമിതി സമരം ശക്തമാക്കിയിരിക്കുകയാണ്.

രാവിലെ എട്ടരയോടെ എം.വി.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തോട്ടടയിലെ ഗ്രൗണ്ടിൽ ടെസ്റ്റ് നടത്താനായി എത്തിയിരുന്നു. സമരത്തിലുള്ള സംഘടനകളുടെ കീഴിലുള്ള സ്‌കൂളുകൾ ടെസ്റ്റിനായി ആരെയും ഗ്രൗണ്ടിൽ എത്തിച്ചിരുന്നില്ല. ടെസ്റ്റ് മുടങ്ങിയതോടെ ലേണേഴ്സ് എടുത്ത് ആറ് മാസമാകാനായവർ കുഴങ്ങി. ഇത്തരത്തിലുള്ളവർ വരെ ഇന്നലെ ടെസ്റ്റിനെത്തിയിരുന്നു.

തോട്ടടയിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേർസ് ആൻഡ് വർക്കേഴ്സ് സംഘ് (ബി.എം.എസ്) നേതൃത്വത്തിൽ കിടപ്പ് സമരം നടത്തിയാണ് ഇന്നലെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് നേതാക്കളായ ഷാജി അക്കരമ്മൽ, അരുൺ കുമാർ, പി.ടി.അജയ്, സൽമ പ്രദീപ് നേതൃത്വം നൽകി.

പ്രതിഷേധത്തിൽ നിന്ന് താൽകാലികമായി വിട്ടുനിൽക്കുകയാണ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു). പുതുക്കിയ പരിഷ്‌കാരവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അനുവദിക്കില്ലെന്ന് മുഴുവൻ യൂണിയനുകളും കർശന നിലപാടിലാണ്. പരിഷ്‌കാരത്തിനെതിരെ വൈകാതെ സെക്രട്ടേറിയറ്റ് ധർണയും സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

പുതുക്കിയ ഓർഡർ അനുസരിച്ച് ഓരോ ആർ.ടി.ഒ ഓഫീസിന് കീഴിലും ദിവസം 40 ടെസ്റ്റുകൾക്കാണ് അനുമതി. ഇത് അറുപതാക്കണമെന്നും ജില്ലാ ആസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ച് ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഡ്രൈവിംഗ് ടെസ്റ്റിന് അഡീഷണൽ ക്ലച്ചും ബ്രേക്കും ഇല്ലാത്ത വാഹനങ്ങൾ കൊണ്ടുവരണമെന്നും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് പാടില്ലെന്നുമുള്ള പുതിയ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.