കണ്ണൂർ: ഏറേ ഡിമാന്റുള്ള കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദനത്തിൽ ഈ വർഷം വൻ ഇടിവ്. ഒരു സീസണിൽ 6000 ടൺ മാങ്ങ ഉത്പാദിപ്പിച്ചിരുന്ന കുറ്റിയാട്ടൂരിൽ ഈ വർഷം 2500 ടൺ മാത്രമായെന്നാണ് പറയുന്നത്. ക്രമംതെറ്റിയുള്ള മഴ കാരണം ഉത്പാദനം തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണുന്നത്. കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള ഉയർന്ന ചൂട് മാങ്ങ ഉത്പാദനത്തെ ബാധിച്ചതായാണ് മനസിലാകുന്നത്.

കുറ്റിയാട്ടൂർ മാങ്ങയിൽ നിന്ന് പൾപ്പ്, ജ്യൂസ്, സിറപ്പ്, സ്‌ക്വാഷ്, അച്ചാർ എന്നിങ്ങനെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്. വിപണിയിൽ ഇവയ്ക്ക് വൻ ഡിമാന്റാണെങ്കിലും ആവശ്യത്തിന് മാങ്ങയില്ലാത്തത് പ്രതിസന്ധിയാകും.

മഴക്കാലം എത്താനിരിക്കെ ഇനി മാങ്ങ ലഭിക്കാൻ സാദ്ധ്യതയില്ല. ജൈവരീതിയിൽ പഴുപ്പിച്ച മാങ്ങ ഇപ്പോൾ വിൽക്കുന്നുണ്ട്. 100 രൂപയാണ് കിലോക്ക് വില. അതും ആവശ്യക്കാർക്ക് നൽകാൻ തികയാത്ത സ്ഥിതിയാണ്.

കുറ്റിയാട്ടൂരിൽ മാത്രം 3000ത്തോളം വീടുകളിൽ മാവ് കൃഷിയുണ്ട്. നേരത്തെ കർഷകർക്ക് വളരെ ചെറിയൊരു ഭാഗമേ വരുമാനമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂവെങ്കിൽ വലിയ മാറ്റം ഈ രംഗത്തുണ്ടായിരുന്നു.

ഇടനിലക്കാരുടെ ചൂഷണം വൻതോതിൽ കുറഞ്ഞു.
കൃഷി ഭവൻ മാങ്ങ നേരിട്ടു സംഭരിക്കാൻ തുടങ്ങിയതോടെ പൂർണ്ണപിന്തുണയുമായി കർഷകരും രംഗത്തിറങ്ങി. കർഷകർക്കു മാത്രമല്ല, കുറ്റിയാട്ടൂരിലെ അനുബന്ധ മേഖലകളിലും അതു തൊഴിൽ സാഹചര്യം വർദ്ധിപ്പിച്ചു. മാങ്ങ പറിക്കാനും ശേഖരിക്കാനും ഗോഡൗണിലെത്തിക്കാനുമെല്ലാം നാട്ടുകാരായ തൊഴിലാളികളാണ് മുന്നിൽ നിൽക്കുന്നത്. ഇത് ഇവർക്കും അധിക വരുമാനം നൽകി. ഇത്തരം പ്രതീക്ഷകൾക്കെല്ലാമാണ് മാങ്ങയുടെ ഉത്പാദനക്കുറവോടെ കരിനിഴൽ വീഴുന്നത്.

വിഷരഹിത മാങ്ങ

ഇടനിലക്കാരെ ഒഴിവാക്കി കുറ്റിയാട്ടൂർ മാങ്ങ നേരിട്ടു വിപണിയിലെത്തിക്കുന്നതിന്റെ നേട്ടം കർഷകർക്കു മാത്രമല്ല, വാങ്ങുന്നവർക്കും ലഭിച്ചിരുന്നു. പഴുക്കുന്നതിനു മുൻപേ പറിച്ചെടുത്ത മാങ്ങ ഇടനിലക്കാർ കാർബൈഡ് ചേർത്തു പഴുപ്പിച്ചാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും ചേർത്തു പൊതിഞ്ഞു നാടൻരീതിയിൽ പഴുപ്പിച്ചാണ് കൃഷിഭവൻ മാങ്ങ വിപണിയിലെത്തിച്ചത്. കുറ്റിയാട്ടൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഇതിനു പ്രത്യേക ഗോഡൗണുകളൊരുക്കി. ഇങ്ങനെയാണ് കുറ്റ്യാട്ടൂർ മാങ്ങ ഏറേ ജനപ്രിയമായത്.


മാവിൻതൈകൾക്ക് പോലും വലിയ ആവശ്യക്കാർ

പോഷകങ്ങൾ ഏറേ അടങ്ങിയത്

നേരത്തെ പകുതിയിലേറെയും പാഴായി

കൃഷിഭവൻ ഇക്കോഷോപ്പ് ഇക്കാര്യം പരിഹരിച്ചു

നന്നായി കായ്ച്ചു നിൽക്കുന്ന മാവ് നോക്കി വൻ വില പറഞ്ഞു പാട്ടമുറപ്പിച്ച ശേഷം കരാറുകാർ ചെറിയ തുക മുൻകൂറായി നൽകും. വിപണി ഉണർന്നു നിൽക്കുന്ന സമയം നല്ല മാങ്ങകൾ മാത്രം പറിച്ചു സ്ഥലം വിടും. അവശേഷിക്കുന്ന പണവും നൽകില്ല, മാങ്ങയും പറിച്ചെടുക്കില്ല. ഈ അവസ്ഥയിൽ ആർക്കും ഉപകാരപ്പെടാതെ കുറ്റിയാട്ടൂരിലെ മാങ്ങകൾ നശിച്ചു പോകുന്നതു കണ്ടാണ് കുറ്റിയാട്ടൂരിലെ കൃഷി ഓഫീസ് മുൻകൈയെടുത്ത് മാങ്ങ സംഭരിച്ചു തുടങ്ങിയത്.

കർഷകൻ