മാതമംഗലം: ഒരു വർഷത്തിലേറെയായി നാട്ടുകാരും മാദ്ധ്യമങ്ങളും ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞുനോക്കിയില്ല, ഒടുവിൽ മരം വീണ് ഓട്ടോറിക്ഷ തകർന്നു. പിലാത്തറ മാതമംഗലം റോഡിൽ ഹരിത പച്ചക്കറി മാർക്കറ്റിന് സമീപം ഒരു വർഷത്തിലേറെയായി അപകടാവസ്ഥയിലായ മരം ഇന്നലെ രാവിലെയാണ് കടപുഴകി വീണത്. ഈ സമയം റോഡിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷ മരം വീണ് തകർന്നു.
പൂർണമായി ഉണങ്ങിയ മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് അധികൃതരുമായി നാട്ടുകാരും, വ്യാപാരികളും, എരമം കുറ്റൂർ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടിരുന്നു. കേരളകൗമുദി കഴിഞ്ഞ വർഷം ഈ അപകടമരത്തേക്കുറിച്ച് വാർത്ത നൽകിയിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് വീണ്ടും കേരളകൗമുദി മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു. ഇതെല്ലാം അവഗണിച്ച പൊതുമരാമത്ത് വകുപ്പ് ഈ അപകടത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. മാതമംഗലം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ പേരൂൽ സ്വദേശി സുരേഷ് ബാബുവിന്റെ ഓട്ടോയ്ക്ക് മുകളിലാണ് മരത്തിന്റെ ശാഖകൾ പതിച്ചത്. ഓട്ടോ തകർന്ന നിലയിലാണ്. ഓട്ടോ ഡ്രൈവറും, ഓട്ടോയിലെ യാത്രക്കാരനും ഭാഗ്യത്തിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെരിങ്ങോത്തുനിന്നും എത്തിയ അഗ്നിശമനസേനയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മണിക്കൂറോളം മാതമംഗലം ടൗണിൽ വാഹനഗതാഗതം തടസപ്പെട്ടു.