cherkala-
മഴയിൽ വെള്ളം കയറിയ ചെർക്കള ടൗൺ

കാസർകോട്: ഇന്നലെ രാവിലെ പെയ്ത ശക്തമായ വേനൽമഴയെ തുടർന്ന് ചെർക്കള ടൗണിൽ വെള്ളം കയറി കടകളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ കച്ചവടക്കാരും യാത്രക്കാരും ദുരിതത്തിലായി.

ചെർക്കള ബസ് സ്റ്റാൻഡ്, മുള്ളേരിയ, ബദിയടുക്ക റോഡുകൾ, ജാൽസൂർ അന്തർ സംസ്ഥാന പാത എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുഷ്‌കരമായി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്നങ്ങൾ ഉയർത്തി നാട്ടുകാർ നേരത്തെ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വകവയ്ക്കാതെ അധികൃതർ പണി തുടർന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. നേരെത്തെ ഉണ്ടായ ഓവുചാൽ മൂടിയെങ്കിലും പുതിയത് ഉണ്ടാക്കിയിരുന്നില്ല. റീജണൽ ഓഫീസറെയും പ്രൊജക്ട് ഡയറക്ടറെയും എം.എൽ.എയുടെ നേതൃത്വത്തിൽ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികൾ പാടെ അവഗണിച്ചു. ചർച്ചയെ തുടർന്ന് പണി നിർത്തിയെങ്കിലും പരിഹാര നടപടികൾ ആയിട്ടില്ല.

ചെർക്കള ടൗൺ പൂർണ്ണമായും ഒന്നര മീറ്റർ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം. കുഴിച്ചെടുത്ത ഏതാണ്ട് നൂറ് മീറ്റർ പിന്നീട് മണ്ണിട്ട് നികത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയിൽ നേരെത്തെ ഉണ്ടായിരുന്ന രണ്ടു മീറ്റർ വ്യാപ്തി ഉള്ള ഓവുചാൽ മൂടുകയും ചെയ്തിരുന്നു. ഇതിനെതിരെ നാട്ടുകാർ കൂട്ടായ്മ ഉണ്ടാക്കി രണ്ട് മാസങ്ങൾക്ക് മുമ്പ് ശക്തമായ സൂചന സമരം നടത്തിയിരുന്നു. അശാസ്‌ത്രീയമായ നിർമ്മാണത്തിന്റെ ദുരിതം കന്നി മഴയിൽ തന്നെ നാട്ടുകാർ അനുഭവിക്കാൻ തുടങ്ങിയിരിക്കുകയാണ്.

വേണം ഡ്രൈനേജ് സംവിധാനം

മഴവെള്ളക്കെട്ടിനൊപ്പം ചെർക്കള ടൗണിൽ മാലിന്യം അടിഞ്ഞു കൂടുന്നതായും പൊതുജനങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. കുറ്റമറ്റ ഡ്രൈനേജ് സംവിധാനം ഉടനടി ആരംഭിക്കണമെന്ന് ചെർക്കള എൻ.എച്ച്. ജനകീയ കൂട്ടായ്മ സമരസമിതി ചെയർമാൻ മൂസ്സ ബി. ചെർക്കള, വർക്കിംഗ്‌ ചെയർമാൻ നാസർ ചെർക്കള, ജനറൽ കൺവീനർ സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര, ട്രഷറർ പി.എ. അബ്ദുല്ല ടോപ്പ് എന്നിവർ ആവശ്യപ്പെട്ടു.