ambalathukara-road
മടിക്കൈ അമ്പലത്തുകര ടി.എസ് തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന് മുന്നിലെ മണ്ണ് ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലേക്ക് ഒഴുകിയെത്തിയപ്പോൾ

കാഞ്ഞങ്ങാട്: വേനൽ ചൂടിൽ നിന്നും ആശ്വാസമായി ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ വെള്ളക്കെട്ടും പരക്കെ നാശവും. മഴ രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. കോട്ടച്ചേരി റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിടത്തിന്റെ സൺഷേഡ് തകർന്നു വീണ് നിറുത്തിയിട്ടിരുന്ന കാർ തകർന്നു. വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്റെ കാറിന്റെ മുൻവശത്തെ ഗ്ലാസാണ് സമീപത്തെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺഷേഡ് പാളി വീണ് തകർന്നത്.

മഴയിൽ മാവുങ്കാൽ ടൗണിൽ വെള്ളക്കെട്ടുണ്ടായി. രാവിലെ കടകൾ തുറക്കാനെത്തിയപ്പോൾ മിക്കവരും വെള്ളം കയറിയ കടകളിലേക്കാണ് ചുവട് വച്ചത്. മാവുങ്കാലിൽ പൊലീസും നാട്ടുകാരും എത്തി ഏറേ നേരത്തെ ശ്രമഫലമായി ജെസിബിയുമായെത്തിയാണ് വെള്ളക്കെട്ട് നീക്കിയത്. മിക്ക കടകളിലേക്കും വെള്ളം കയറിയിരുന്നു.
ദേശീയപാത വികസനത്തിൽ ഓവുചാൽ നിർമ്മിക്കാത്തതാണ് വെള്ളം ഒഴുകി പോകാനിടമില്ലാതാക്കിയത്. മടിക്കൈ അമ്പലത്തുകരയിൽ ടി.എസ് തിരുമുമ്പ് സ്മാരക കോംപൗണ്ടിലെ മണ്ണത്രയും തൊട്ടുതന്നെയുള്ള ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലേക്ക് ഒഴുകിയെത്തി.

മലയോര മേഖലയായ ഒടയംചാൽ, പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട്, കാലിച്ചാമരം, ഭീമനടി, ചിറ്റാരിക്കൽ, രാജപുരം, ചുള്ളിക്കര സ്ഥലങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

വീടുകൾക്ക് മിന്നലേറ്റു, പശുക്കുട്ടി ചത്തു

കോയിത്തട്ട വരയിൽ കോളനിയിലെ എം. സുരേഷിന്റെ രണ്ട് വയസുള്ള പശുക്കുട്ടി ഇടിമിന്നലേറ്റ് ചത്തു. പശു തൊഴുത്തിനോടടുത്തുള്ള തെങ്ങും മുരിങ്ങയും ഇടിമിന്നലിൽ ചിതറി തെറിച്ചു. ചായ്യോത്ത് പെൻഷൻ മുക്കിലെ ഷീന രാഘവന്റെ വീടിന് ഇടിമിന്നലേറ്റു. വീടിന്റെ ഭിത്തികളും കോൺക്രീറ്റ് ചെയ്ത മുകൾ ഭാഗവും വിണ്ടുകീറി നാശം സംഭവിച്ചു. വയറിംഗ് പൂർണമായും കത്തി നശിച്ചു. കാലിച്ചാനടുക്കം മൂപ്പിൽ സ്വദേശി ഹക്കീമിന്റെ വീടിന്റെ ഇലക്ട്രിക്കൽ വയറിംഗ് പൂർണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും ഫാനും ലൈറ്റുകളും എല്ലാം തകർന്നു. വീടിന്റെ മുൻവശത്തെ കുഴൽക്കിണറിന്റെ മോട്ടറും കത്തി നശിച്ചു. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിമിന്നലേറ്റ് സർവീസ് വയറുകൾ കത്തി. മടിക്കൈ മൂലായിപ്പള്ളിയിൽ വീടിനു മേൽ തെങ്ങ് പൊട്ടി വീണു. മൂലായിപ്പള്ളിയിലെ കല്യാണിയുടെ വീടിന് നാശനഷ്ടമുണ്ടായി.