mahe-palam
ഇഴഞ്ഞ് നീങ്ങുന്ന മാഹി പാലം പണി

മാഹി: കണ്ണൂർ- കോഴിക്കോട് ജില്ലകളെ മാഹി വഴി ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ സുപ്രധാനമായ മാഹി പാലം അറ്റകുറ്റപ്പണികൾക്കായി പൂർണ്ണമായും അടച്ചിട്ടിട്ട് പത്ത് ദിവസമാകാറായിട്ടും ഒച്ചിഴയുന്ന വേഗതയിലാണ് പ്രവൃത്തി നീങ്ങുന്നത്. 12 ദിവസത്തിനകം പണി പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പാലം പൂർണ്ണമായി അടച്ചത്. രാത്രിയും പകലുമില്ലാതെ യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുക്കുമെന്നും, നിശ്ചയിച്ച ദിവസം തന്നെ പാലം തുറന്ന് നൽകുമെന്നും അധികൃതർ പറഞ്ഞിരുന്നു.

എന്നാൽ രണ്ട് തൊഴിലാളികളെ വച്ച് പകൽനേരത്ത് മാത്രമാണ് നിർമ്മാണം നടക്കുന്നത്. ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ മാഹി ടൗണിൽ പാലം അടച്ചതോടെ വ്യാപാരം ഏതാണ്ട് നിലച്ച മട്ടാണ്. കിലോമീറ്ററുകൾ ചുറ്റിവളഞ്ഞു വേണം കണ്ണൂർ ജില്ലയിലുള്ളവർക്ക് മാഹിയിലെത്താൻ. കച്ചവടക്കാരും, യാത്രക്കാരും ഏറേ ദുരിതത്തിലുമായി.
ഏപ്രിൽ 29ന് രാവിലെയാണ് പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പാലത്തിന് മുകളിലുള്ള ടാർ ചെയ്ത ഭാഗം രണ്ട് ദിവസത്തിനകം നീക്കിയെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന പഴയ എക്സ്പാൻഷൻ ജോയിന്റുകൾ പുനഃസ്ഥാപിക്കാൻ ഇനിയും തയ്യാറായിട്ടില്ല. മാഹി സിവിൽ സ്റ്റേഷൻ, ഭരണ സിരാകേന്ദ്രമായ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ്, മുൻസിപ്പൽ ഓഫീസ്, ഗവ. ജനറൽ ആശുപത്രി, വിവിധ ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ പൊതുജനങ്ങളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഏറെ വിഷമിക്കുകയാണ്.
അന്തർ ജില്ലാ യാത്രികർ ഇപ്പോൾ വൻതുക ടോൾ നൽകി ബൈപാസിനെ ആശ്രയിക്കാൻ നിർബന്ധിക്കപ്പെടുന്നു. മഴ പടിവാതിൽക്കൽ എത്തിനിൽക്കെ ഇങ്ങനെ പണി തുടർന്നാൽ എന്ന് പാലം പണി തീരുമെന്ന് പോലും പറയാനാവില്ല.

അധികൃതർ വാക്ക് പാലിക്കണം: കോൺഗ്രസ്

മാഹി പാലത്തിന്റെ പ്രവൃത്തി ഇഴത്ത് നീങ്ങുന്നതിനാൽ ജനങ്ങൾക്കുള്ള ആശങ്ക ദൂരീകരിക്കണമെന്ന്

മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. അധികൃതർ ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കണം. പാലം അടച്ചതിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നത് മാഹി പള്ളൂർ, പന്തക്കൽ പ്രദേശവാസികളാണ്. മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്ററെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ നേരിട്ട് കണ്ട് പാലം പ്രവൃത്തി മന്ദഗതിയിലാണെന്ന് ബോധ്യപ്പെടുത്തി. പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്ത് തീർത്ത് ജനങ്ങൾക്ക് ഗതാഗതയോഗ്യമാക്കി കൊടുത്തേ പറ്റൂ. അല്ലെങ്കിൽ ഇതിനെതിരെ ശകതമായ ജനരോഷം ഉയരുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.