പേരാവൂർ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരമം. പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പള്ളിപ്പാലം-വായന്നൂർ-പാലയാട്ടുകരി റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. പള്ളിപ്പാലത്തു നിന്നാണ് മെക്കാഡം ടാറിംഗ് തുടങ്ങിയത്. ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് പ്രവൃത്തികൾ പുരാേഗമിക്കുന്നത്.

സംസ്ഥാന സർക്കാർ ബഡ്ജറ്റ് വിഹിതത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 14 കോടി രൂപ ചെലവിൽ ഏഴര കിലോമീറ്റർ ദൂരത്തിലാണ് പാലയാട്ടുകരി - വായന്നൂർ -പള്ളിപ്പാലം റോഡ് പുനർനിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോളയാട് പഞ്ചായത്തിലെ ഏക റോഡാണിത്. റോഡ് നിർമ്മാണം ആരംഭിച്ചതോടെ നാട്ടുകാർ ഏറെ സന്തോഷത്തിലായിരുന്നുവെങ്കിലും രണ്ട് വർഷം മുമ്പ് ആരംഭിച്ച
പ്രവൃത്തി വൈകിയതിൽ ഏറെ പ്രതിഷേധവും ഉയർന്നു. പൊടി ശല്യവും റോഡിലെ ചെളിയും സ്കൂൾ വിദ്യാർത്ഥികൾക്കും, വാഹന യാത്രക്കാർക്കും, പ്രദേശവാസികൾക്കും ഏറെ ദുരിതമായി മാറിയിരുന്നു. തുടർന്ന്
പ്രതിഷേധങ്ങൾക്കും ഏറെ നാളത്തെ കാത്തിരിപ്പിനും ഒടുവിലാണ് ഇപ്പോൾ മെക്കാഡം ടാറിംഗ് ആരംഭിച്ചത്.

മാസങ്ങൾക്ക് മുമ്പ് പാലയാട്ടുകരി മുതൽ വായന്നൂർ വരെ റോഡിൽ ജി.എസ്.പി ഇട്ടിയിരുന്നു. വലിയ വാഹനങ്ങൾ കടന്നുപോയതോടെ ഇത് ഇളകി ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ കഴിയാതെ യാത്രികർ ദുരിതത്തിലായി. പള്ളിപ്പാലം മുതൽ മെക്കാഡം ടാറിംഗ് ആരംഭിച്ചതോടെ വായന്നൂർ മുതൽ പാലയാട്ടുകരി വരെ ജി.എസ്.പി. അമർത്തുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.