l

ചെറുപുഴ: അമിതഭാരം കയറ്റിയുള്ള മരണപ്പാച്ചിൽ അവസാനിപ്പിക്കണമെന്നും നിയമം പാലിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ ഹെവി ഡ്യൂട്ടി വാഹനങ്ങൾ തടഞ്ഞു. നിയമം പാലിക്കണമെന്നാവശ്യപ്പെട്ടും മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തുമായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന സമയത്ത് ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കരുതെന്നും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും പ്രത്യേക പരിഗണന നൽകണമെന്നും വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രണവ് തട്ടുമ്മൽ, ചെറുപുഴ മണ്ഡലം പ്രസിഡന്റ് പ്രണവ് കരേള, പി. മിഥുൻ, ടി.പി. ശ്രീനിഷ്, ബിബിൻ രാജ്, എം. ഡെൽജോ, കെ. സാജു, എം. സന്ദീപ്, അമൽ എന്നിവർ നേതൃത്വം നൽകി.