tb

കൂത്തുപറമ്പ് : സർക്കാർ ആശുപത്രികളിലും, ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ക്ഷയരോഗത്തിനുള്ള മരുന്നുകൾ കിട്ടാനില്ല.അതീവഗൗരവമായി നടത്തേണ്ട തുടർചികിത്സ മുടങ്ങുന്ന സ്ഥിതിയിൽ ക്ഷയരോഗനിർമ്മാർജ്ജന യജ്ഞത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് മരുന്ന് ക്ഷാമം ബാധിച്ചിരിക്കുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലുംഈ മരുന്നുകൾ കിട്ടില്ല . ഇതുമൂലം ക്ഷയരോഗ നിർമാർജ്ജന പദ്ധതി തന്നെ താളം തെറ്റിയിരിക്കുകയാണ്.

ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ക്ഷയരോഗ മരുന്ന് എത്തിച്ചു നൽകുന്നത് എന്നാൽ ഇപ്പോൾ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റോക്ക് ഇല്ലാതായതോടെ രോഗികളോട് ജില്ലാ ക്ഷയരോഗ സെന്ററിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ അവിടെ നിന്നും രോഗികളുടെ തൂക്കത്തിന് അനുസരിച്ച് അഞ്ചുദിവസത്തേക്ക് മാത്രം മരുന്ന് നൽകുന്നു. .
ജില്ലയിലെ മലയോര പ്രദേശങ്ങളിൽ നിന്നും ജില്ലാ ടി.ബി.സെന്ററിൽ എത്തി മരുന്നു വാങ്ങുക എന്നത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ്. യാത്ര ബുദ്ധിമുട്ടും നേരിടും, ചുരുങ്ങിയ ദിവസത്തേക്കുള്ള മരുന്നാണ് ലഭിക്കുന്നതും. ഇവിടെ ഒ.പി സമയം ആവട്ടെ ഉച്ചക്ക് ഒരു മണി വരെയും മാത്രമാണ് .

കിട്ടാത്തത് തുടർഘട്ടമരുന്നുകൾ

റൈഫാംപിൻ,ഐസോണൈസിഡ്, പിറസിന മൈഡ്, എതാം ബ്യൂട്ടോൾ എന്നീ നാലു മരുന്നുകൾ ഉൾപ്പെട്ട ഗുളികകളാണ് ക്ഷയ രോഗത്തിന് സ്ഥിരമായി കഴിക്കേണ്ടത്. ആദ്യത്തെ 56 ദിവസത്തെ തീവ്രഘട്ട ചികിത്സക്കുശേഷം 112 ദിവസമാണ് തുടർഘട്ടം. ഇതിനുശേഷം നടത്തുന്ന പരിശോധനയിൽ രോഗം മാറിയില്ലെങ്കിൽ വീണ്ടും മരുന്ന് നൽകണം. തുടർഘട്ടത്തിൽ നൽകേണ്ട മരുന്നുകൾക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്.

മരുന്ന് വൈകിയാൽ ചികിത്സ നീളും

മരുന്ന് മുടങ്ങിയാൽ മരുന്നിനെ പ്രതിരോധിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റൻസ് ടി ബി ആയി മാറും .ഇങ്ങനെ വന്നാൽ രോഗം മാറാൻ കൂടുതൽ കാലം മരുന്നു കഴിക്കേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധർ തന്നെ പറയുന്നത്.

സെൻട്രൽ ടി.ബി.ഡിവിഷനിൽ നിന്ന് സംസ്ഥാന ടി.ബി സെന്ററുകളിലേക്ക് മരുന്ന് ലഭിക്കാത്തതാണ് ഇപ്പോഴത്തെ മരുന്നുക്ഷാമത്തിന് കാരണം.ക്ഷയരോഗ പരിചരണത്തിലുള്ളവർക്ക് ജില്ലാ ടിവി സെന്ററിൽ എത്തിയാൽ മരുന്ന് ലഭിക്കും- ജില്ലാ ടി ബിഓഫീസർ ഇൻ ചാർജ് ഡോ.രജിന ദിൽനാഥ്