thenfu
കരുവാച്ചേരി പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ തെങ്ങുകൾ കരിഞ്ഞുണങ്ങുന്നു

നീലേശ്വരം: ലോകത്തെ ആദ്യത്തെ സങ്കരയിനം തെങ്ങ് ഉല്പാദിപ്പിച്ച നീലേശ്വരം കരുവാച്ചേരി പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ തെങ്ങുകൾ കരിഞ്ഞുണങ്ങുന്നു. കേരള കാർഷിക സർവകലാശാലയുടെ പടന്നക്കാട് കാർഷിക കോളേജിന് കീഴിലുള്ള ദേശീയപാതയോരത്തെ കരുവാച്ചേരി ഇൻസ്ട്രക്ഷണൽ ഫാം യൂണിറ്റിലെ രണ്ട് തോട്ടത്തിലെ നൂറുകണക്കിന് തെങ്ങുകളാണ് കരിഞ്ഞുണങ്ങിയത്.

യഥാസമയം തെങ്ങുകൾക്ക് വെള്ളം ലഭിക്കാത്തതിനാലാണ് മണ്ട പോയി തെങ്ങുകൾ ഉണങ്ങിയത്. കത്തുന്ന വേനൽ വന്നതോടെ ജലക്ഷാമവും തൊഴിലാളികളുടെ അഭാവവും തെങ്ങുകൾ ഉണങ്ങാൻ കാരണമായെന്നാണ് പറയുന്നത്.

ഫാമിലെ ജല ദൗർലഭ്യം പരിഹരിക്കാൻ കുളം കുഴിക്കാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും കൃഷി വകുപ്പ് ഇതുവരെ കനിഞ്ഞിട്ടില്ലെന്നുള്ളതാണ് പ്രശ്നമായത്.

നീലേശ്വരത്തിന്റെ അഭിമാനമായിരുന്നു

1916ൽ നീലേശ്വരത്തിന്റെ അഭിമാനമായി ആരംഭിച്ച കാർഷിക ഗവേഷണ കേന്ദ്രം നിരവധി സങ്കരയിനം തെങ്ങിൻ തൈകളും നടീൽ വസ്തുക്കളും പരീക്ഷണം നടത്തി അത്യുൽപ്പാദനശേഷിയുള്ള കാർഷിക ഇനങ്ങൾ കർഷകൾക്ക് എത്തിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം കാർഷിക ഗവേഷണങ്ങൾ നടക്കാത്ത ഒരു സ്ഥാപനമായി മാറുകയും ഇപ്പോൾ തോട്ടത്തിൽ തെങ്ങുകൾ കരിഞ്ഞുണങ്ങാനും തുടങ്ങി.

ശിലാഫലകം അപ്രത്യക്ഷമായി

ഫാം ആരംഭിച്ച കാലഘട്ടത്തിൽ കാസർകോട് ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്നു. ഇതിന്റെ ഓർമ്മയ്ക്കായി മൂന്നുഭാഷകളിൽ പേരെഴുതി സ്ഥാപിച്ച സിമന്റിൽ തീർത്ത ശിലാഫലകം ദേശീയപാത വികസനത്തിൽ ഇല്ലാതായി.