കണ്ണൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കള്ളനോട്ട് ഭീഷണി. ബാറിൽ അഞ്ഞൂറിന്റെ അഞ്ചു കള്ളനോട്ടുകൾ നൽകിയ വാഹനമെക്കാനിക്കിനെ പൊലീസ് പിടികൂടി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശി എം.എ.ഷിജു (36)വിനെയാണ് കണ്ണൂർ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ വച്ച് ടൗൺ എസ്.ഐ എം.സവ്യസാചി അറസ്റ്റു ചെയ്തത്. മദ്യപിച്ച ഷിജു 2562 രൂപബില്ലായതിനെ തുടർന്ന് അഞ്ച് അഞ്ഞൂറിന്റെ നോട്ടുകൾ നൽകുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകൾ ആണെന്ന് മനസ്സിലായത്. തുടർന്ന് ബാർ മാനേജർ ടൗൺ പൊലീസിൽ വിവരമറിയിച്ചു.സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. വർക്ക്‌ഷോപ്പിൽ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോട്ടുകളാണെന്നാണ് പ്രതി മൊഴി നൽകിയത്.