ഇക്കുറി പരീക്ഷയെഴുതിയത് 36,070
ഉപരിപഠനയോഗ്യത 36024
മുഴുവൻ എ പ്ളസ് 6794
കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.87 ശതമാനം വിജയം നേടി സംസ്ഥാനത്ത് രണ്ടാമതെത്തി കണ്ണൂർ. കഴിഞ്ഞ മൂന്ന് തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനം എന്ന നേട്ടം കൈവരിച്ചത് കണ്ണൂർ ജില്ലയായിരുന്നു. എന്നാൽ ഇത്തവണ ചെറിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്കായി. ജില്ലയിൽ 36,070 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 36024 വിദ്യാർത്ഥികൾ വിജയിച്ചു.
6794 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. കണ്ണൂർ വിദ്യാഭ്യാസ ജില്ല 1262, തലശേരി വിദ്യാഭ്യാസ ജില്ല2705, തളിപ്പറമ്പ് ഉപജില്ല2827 എന്നിങ്ങനെയാണ് എപ്ലസുകൾ. ജില്ലയിൽ 17,485 പെൺകുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 17,465 വിദ്യാർഥികളും ഉന്നത പഠനത്തിന് യോഗ്യത നേടി. 18,585 ആൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 18,559 കുട്ടികൾ വിജയിച്ചു. കഴിഞ്ഞ തവണ 99.94 ശതമാനമായിരുന്നു ജില്ലയിലെ വിജയശതമാനം. ഇതിനെ അപേക്ഷിച്ച് ഇത്തവണ നേരിയ കുറവുണ്ടായിട്ടുണ്ട്. എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും ചെറിയ കുറവ് മാത്രമാണുണ്ടായത്.
കഴിഞ്ഞ തവണ 6803 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്. ജില്ലയിൽ മലയാളം പാർട്ട് ഒന്നിലാണ് കൂടുതൽ വിദ്യാർത്ഥികൾ എപ്ലസ് നേടിയത്. കണക്കിലാണ് ഏറ്റവും കുറവ് എപ്ലസ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 298 പേർ പരീക്ഷയെഴുതിയതിൽ 297 പേരും തലശേരി വിദ്യാഭ്യാസ ജില്ലയിൽ 526 പേർ പരീക്ഷയെഴുതിയതിൽ 525 പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ 784 പേർ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു.