തൃക്കരിപ്പൂർ: പടന്ന തെക്കെ കാട്ടിലെ പി.പി.രവിയുടെ ഭാര്യ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രീജയുടെ വീടിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ തീവച്ചുനശിപ്പിച്ചു. പുലർച്ചെ ശബ്ദം കേട്ട് ഉറക്കമുണർന്ന വീട്ടുകാരും പരിസര വാസികളും ചേർന്ന് വെള്ളമൊഴിച്ചു തീ അണക്കുമ്പോഴേക്കും സ്കൂട്ടറിന്റെ സീറ്റും മുൻവശവും കത്തിയമർന്നിരുന്നു. ഇതിന് മുൻപും ഇതേ രീതിയിൽ പ്രീജയുടെ സ്കൂട്ടറിന് നേരെ ആക്രമം നടന്നിരുന്നു. ചന്തേര ഇൻസ്പെക്ടർ ജി.പി.മനുരാജിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സ്കൂട്ടർ കത്തിച്ച സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീർ, തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ലത്തീഫ് നീലഗിരി, പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി.മുഹമ്മദ് കുഞ്ഞി എന്നിവരാണ് ആക്രമം അരങ്ങേറിയ സ്ഥലം സന്ദർശിച്ചത്.

വാഹനം തീവച്ചു നശിപ്പിച്ച സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വീട് സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ്‌ പി.കെ.ഫൈസൽ ആവശ്യപ്പെട്ടു. യു.ഡി.എഫ്. തൃക്കരിപ്പൂർ നിയോജകമണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ,ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. പ്രകാശൻ,ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ജതീന്ദ്രൻ, തൃക്കരിപ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.വി.വിജയൻ എന്നിവർ ഡി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.