പയ്യന്നൂർ: നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാനം വിജയം. 21 സ്കൂളുകളിൽ നിന്നുമായി 2990 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ പേരും വിജയിച്ചതോടൊപ്പം 845 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസും കരസ്ഥമാക്കി.
പയ്യന്നൂരിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച മുഴുവൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ടി.ഐ .മധുസൂദനൻ എം.എൽ.എ. അഭിനന്ദിച്ചു. മണ്ഡലത്തിൽ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്റ്റെപ്സിന്റെ ഭാഗമായി പ്രവർത്തിച്ച അദ്ധ്യാപകരും അനദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും മറ്റെല്ലാവരും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങളാണ് ഉജ്ജ്വല വിജയത്തിന് പിന്നിലെന്ന് എം.എൽ.എ. പറഞ്ഞു.
എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനും മോട്ടിവേഷനുമായി നടത്തിയ ഹാപ്പി എക്സാം പരിപാടിയും പിന്നാക്ക സ്കൂളുകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയതും നൂറ് ശതമാനം വിജയം കൈവരിക്കാൻ ഗുണകരമായി. മണ്ഡല പരിധിയിലെ സ്കൂളുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എം.എൽ.എ. പറഞ്ഞു. ഇത്തവണയും എൽ.എസ്.എസ് , യു.എസ്.എസ്. പരീക്ഷകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് പയ്യന്നൂർ സബ് ജില്ലയിലാണ്.