കണ്ണൂർ: കണ്ണൂർ വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്ന 52 വയസുകാരനെ വെസ്റ്റ് നൈൽ പനി രോഗത്തിന്റെ ലക്ഷണങ്ങളോട് കൂടി കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശവമായി ജില്ലാ മെഡിക്കൽ ഓഫീസ്. നിലവിൽ കണ്ണൂർ വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്ന 52 വയസുകാരൻ ഇലക്ഷൻ സർവ്വയലൻസ് ടീമിന്റെ ഭാഗമായി ചൊക്ലി ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിനു ഏപ്രിൽ 18ന് പനി വരികയും അതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജി പൂനെയിൽ സാമ്പിൾ അയച്ച് ഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാവൂ എന്നാണ് പ്രോട്ടോക്കോൾ. ഈ രോഗിയുടെ സാമ്പിൾ റിസൾട്ട് ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഇത് സ്ഥിരീകരണം നടത്തിയ ഒരു വെസ്റ്റ് നൈൽ ഫീവർ കേസ് അല്ല. അതേ സമയം വെസ്റ്റ് നൈൽ ഫീവർ ആയി സ്ഥിരീകരണം വന്നു കഴിഞ്ഞാൽ ഇതിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇപ്പോൾതന്നെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം രണ്ട് വെസ്റ്റ് നൈൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. എടക്കാട്, കൊളശ്ശേരി (തലശ്ശേരി) എന്നീ പ്രദേശങ്ങളിലായിരുന്നു ഇത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ചൊക്ലി പ്രദേശത്ത് ഫോഗിംഗ് നടത്തി.
കൊതുക് തന്നെയാണ് വില്ലൻ
വെസ്റ്റ് നൈൽ ഫീവർ എന്ന അസുഖത്തിന്റെ രോഗാണു വൈറസുകളാണ്. ക്യൂലക്സ് കൊതുക് കടി വഴിയാണ് രോഗം പകരുന്നത്. നേരിട്ട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതല്ല. വെസ്റ്റ് നൈലിന്റെ വൈറസ് ശരീരത്തിൽ ഉള്ള മറ്റൊരു ജീവിയെ (ഉദാ: പക്ഷികൾ) കൊതുക് കടിക്കുമ്പോൾ ആണ് കൊതുകിന്റെ ശരീരത്തിൽ വൈറസ് എത്തുന്നത്. ഈ കൊതുക് മനുഷ്യനെ കടിക്കുമ്പോൾ വൈറസ് മനുഷ്യന്റെ ശരീരത്തിൽ എത്തുകയും രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു.
രോഗ ലക്ഷണങ്ങൾ
കൊതുക് കടി ഏറ്റ് രണ്ട് മുതൽ 14 ദിവസത്തിനുള്ളിൽ ആണ് അസുഖത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങുന്നത്. തലവേദന, പനി, സന്ധി വേദന, ചർദ്ദി, ശരീരത്തിൽ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഒരു ശതമാനത്തിൽ താഴെ ആളുകളിലാണ് തലച്ചോറിനെ ബാധിക്കുകയും എൻസെഫലൈറ്റിസ് അല്ലെങ്കിൽ മെനിഞ്ചൈറ്റിസ് സംഭവിക്കുകയും ചെയ്യുന്നത്.
ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ആണ് രോഗം പരത്തുന്നത്.
ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ഉള്ള പ്രദേശത്ത് രോഗ ബാധയ്ക്ക് സാദ്ധ്യത
കൊതുക് നശീകരണവും കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കലുമാണ് പ്രതിരോധ മാർഗങ്ങൾ