kudil

സ്ഥാനാർത്ഥിപ്പട വോട്ടു തേടിയെത്തി മടങ്ങി. വാഗ്ദാനങ്ങൾ ബാക്കിയായി. പതിവുപോലെ കുടിവെള്ളം തേടി ആദിവാസി ജനത ഇക്കുറിയം ഊരു വിട്ടിറങ്ങുന്നു. വരൾച്ച രൂക്ഷമായതിനെ തുടർന്നാണ് കുടിവെള്ളം തേടി ആദിവാസികൾ കൂട്ടതോടെ ബാവലി പുഴയിലേക്ക് താമസം മാറ്റിയത്. കോളനികളിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള പുഴയുടെ തീരത്തേക്കാണ് ഇവർ ജീവിതം പറിച്ചു നടുന്നത്.
നീരൊഴുക്ക് കുറഞ്ഞ പുഴയിൽ പാറക്കല്ലുകൾക്കു മുകളിൽ കുടിലുകൾ കെട്ടിയാണ് താമസം. ജൂൺ മാസത്തിലെ ഇനി ഇവർ കോളനികളിലേക്ക് തിരിച്ചു പോവുകയുള്ളൂ. കോളനികളിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതികൾ ഒന്നും കാര്യക്ഷമമല്ലെന്ന് പുഴയിലേക്ക് കുടിയേറിയ ആദിവാസി ജനത കുറ്റപ്പെടുത്തി. കോളനികളിൽ മതിയായ ആസൂത്രണമില്ലാതെയുള്ള കുടിവെള്ള പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്. കുടിവെള്ള പദ്ധതികളുടെ ഭാഗമായി മഴക്കാലത്താണ് കിണറുകളുടെ നിർമ്മാണം. എളുപ്പം വെള്ളം കാണുന്ന പ്രദേശത്ത് കിണർ കുഴിച്ച് കരാറുകാരൻ പണം കൈയടക്കി മടങ്ങും.
നിരാഹാര സമരങ്ങൾ ഉൾപ്പെടെ നിരവധി സഹനസമരങ്ങൾ നടത്തിയിട്ടും ആദിവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ പഴയതുപോലെ തന്നെ നിലനിൽക്കുകയാണെന്ന് വ്യക്തമാക്കുകയാണ് ബാവലി പുഴയിൽ ഉയരുന്ന ആദിവാസി കുടിലുകൾ. സ്വന്തം മണ്ണിൽ അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടതിന്റെ ദൈന്യതയാണ് ഈ കുടിലുകളിൽ താമസിക്കുന്നവരുടെ മുഖത്തു തെളിയുന്നത്. ബാവലിപുഴയുടെ തീരത്ത് ചെറുകുഴികൾ നിർമ്മിച്ചാണ് പാചകം ചെയ്യുന്നതിന് വെള്ളം ശേഖരിക്കുന്നത്. ഇത്തരത്തിൽ നിരവധി കുഴികൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വേനൽച്ചൂട് അത്രയെന്നും പരിചിതരല്ലാത്ത കോളനിവാസികൾ പുഴത്തീരത്ത് കെട്ടിയ കുടിലുകൾക്ക് പുറത്താണ് രാത്രി കഴിച്ചുകൂട്ടുന്നത്. ആദിവാസി ജനതയ്ക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കോടികൾ ചെലവഴിച്ചുവെന്ന് കണക്കു നിരത്തുന്ന അധികൃതർക്ക് മുന്നിൽ ചോദ്യ ചിഹ്നമാണ് ഈ കാഴ്ചകൾ. ആദിവാസികൾ ഇപ്പോഴും ഭൂരഹിതരായും ഏറ്റവും ദുരിതം നിറഞ്ഞ ജീവിതം നയിക്കുന്നവരുമായി തുടരുന്നുവെന്നതിന്റെ നേർചിത്രങ്ങൾ. കടുവയുടെയും പുലിയുടെയും സാന്നിദ്ധ്യമുള്ള പ്രദേശത്താണ് ഈ ജനത പിഞ്ചുകുഞ്ഞുങ്ങളുമായി രാത്രി കഴിയുന്നത്.

പദ്ധതികൾ

മുടങ്ങുന്നു

മേലെ മന്ദംചേരി കോളനിയിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് ഓലിയിൽ നിന്നും പൈപ്പ് വഴിയാണ്. വേനലായതോടെ പൈപ്പ് വഴിയുള്ള വെള്ളത്തിനും ക്ഷാമമായി. 23 കുടുംബങ്ങളാണ് മേലെ മന്ദംചേരി കോളനിയിലുള്ളത്. നെല്ലിയോടി കോളനിയിലും സമാനമായ സ്ഥിതിയാണ്. ഇപ്പോൾ പുഴയോരത്ത് അടുപ്പുകൂട്ടിയാണ് ഭക്ഷണം പാകംചെയ്യുന്നത്. വസ്ത്രങ്ങൾ അലക്കുന്നതും കുളിക്കുന്നതും പുഴയില്‍ തന്നെയാണ്. മരത്തണലിൽ പകൽ പിഞ്ചുകുഞ്ഞുങ്ങളെ ഉറക്കുന്നു. മേലെ മന്ദംചേരി കോളനിയെ അംബേദ്കർ സെറ്റിൽമെന്റ് ഏരിയയായി നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി കുടിവെളളത്തിനായി കുഴൽക്കിണർ അനുവദിച്ചിട്ടുണ്ട്. എന്നാൽ, കുഴൽ കിണർ കുഴിക്കുന്നത് നാളുകളായി മുടങ്ങിക്കിടക്കുകയാണ്. നെല്ലിയോടി കോളനിയിൽ ആവശ്യമായ വെള്ളം വാട്ടർ ടാങ്കിലേക്ക് അടിക്കുന്നതിനുളള മോട്ടർ കത്തിപ്പോയിട്ട് നാളുകളായി. എന്നാൽ, നാളുകളായിട്ടും മോട്ടോർ നന്നാക്കായിട്ടില്ല.


ദാഹജലം

തരുമോ?


മലയോര മേഖലയിൽ മാത്രമല്ല ജില്ലയിലാകെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ ഭൂജലവിതാനം താഴ്ന്നതോടെ കിണറുകള്‍ വറ്റി ജില്ല ശുദ്ധജലക്ഷാമത്തിലായി. തദ്ദേശസ്ഥാപനങ്ങൾ എത്തിച്ചുനൽകുന്ന വെള്ളമാണ് പലർക്കും ആശ്രയം. ചില പ്രദേശങ്ങളിൽ ജലവിതരണം കാര്യക്ഷമമല്ലാത്തതു ദുരിതമാകുന്നുണ്ട്. ജലസ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടു. പുഴകളിൽ ജലനിരപ്പു താഴ്ന്നതോടെ കിണറുകളിലും വെള്ളം വറ്റി. ഉപ്പുവെള്ളം മാത്രം ലഭിക്കുന്ന പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.

വറ്റിയ

പുഴകൾ

ജലസംഭരണികളെല്ലാം വറ്റിക്കൊണ്ടിരിക്കുകയാണ്. പുഴകളിലെ വെള്ളം വറ്റിയതോടെ പല ശുദ്ധജല പദ്ധതികളുടെയും പ്രവർത്തനം അവതാളത്തിലായി. ചെറുപുഴയിൽ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനിപ്പുഴയും പൂർണമായും വറ്റി. മയ്യിൽ മേഖലയിൽ കിണറുകൾ വറ്റിയതോടെ കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് പല കുടുംബങ്ങളും കഴിയുന്നത്. എന്നാൽ, പൈപ്പ് പൊട്ടൽ മൂലം പലപ്പോഴും ജലവിതരണം തടസ്സപ്പെടുകയാണ്.


തൊണ്ടവരളുമ്പോഴും

ജലം പാഴാക്കുന്നു

ഒറ്റപ്പെട്ട ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ ലഭിച്ചെങ്കിലും കൊടുംചൂടിൽ വെന്തുരുകുകയാണ് കണ്ണൂർ. കൃഷിയിടങ്ങളും വരണ്ടുണങ്ങി. അപ്പോഴും കുളിക്കാനും അലക്കാനും ചെടിനനയ്ക്കാനും വാഹനം കഴുകാനുമൊക്ക ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഓരോ ദിവസവും ധൂർത്തടിക്കുന്നത്. ജല നിരക്ഷരതയ്‌ക്കൊപ്പം അശാസ്ത്രീയ ഉപയോഗവുമാണ് ഇത്രയേറെ ജലം പാഴാകാന്‍ കാരണം. ചെടികൾക്ക് തുള്ളിനന പരീക്ഷിക്കുകയും നിത്യവും വാഹനം കഴുകുന്നതിനുപകരം പൊടിതട്ടി വൃത്തിയാക്കുകയും ചെയ്താല്‍ മാത്രം എത്രയോ ലക്ഷം ലിറ്റര്‍ നിത്യവും ലഭിക്കാം. മലിനജലത്തിന്റെ പുനരുപയോഗത്തിലുള്ള മടിയും ശ്രദ്ധയില്ലായ്മയും മറ്റൊരു വീഴ്ചയാണ്.

കൊടുംചൂടിനിടെ അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് കുറയ്ക്കലുമായി കെ.എസ്.ഇ.ബി കൂടി രംഗത്തെത്തിയതോടെ വറചട്ടിയിലേതിനു സമാനമായ അവസ്ഥയിലാണ് മലയാളി. എന്നിട്ടും ജലസാക്ഷരതയില്‍ കേരളീയര്‍ ഇപ്പൊഴും ഏറെ പിന്നില്‍ തന്നെ. കരുതലോടെ ജലം ഉപയോഗിക്കുന്നതിലും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിലും മഴക്കൊയ്ത്തിലും നമ്മൾ തുടരുന്നത് അക്ഷന്തവ്യമായ അലംഭാവം. ഒരാൾ പാഴാക്കുന്ന ഓരോ തുള്ളിയും മറ്റൊരാൾക്ക് ജീവജലമാണ്. മൂന്നര കോടി മലയാളികൾ രണ്ട് ലിറ്റർ ജലം പാഴാക്കുമ്പോൾ ഒരുദിവസത്തെ ജലനഷ്ടം ഏഴുകോടി ലിറ്ററോളം വരും. ഇതിൽ ഒന്നര കോടി ജനങ്ങൾ കരുതലോടെ ജലം ഉപയോഗിക്കുന്നുവെന്നു കരുതിയാൽ തന്നെ ബാക്കിയുള്ള രണ്ടു കോടിപേർ പാഴാക്കുന്ന ജലത്തിന്റെ അളവ് നാലു കോടി ലിറ്ററാണ്. ഇങ്ങനെ പാഴാക്കുന്ന ജലത്തിന്റെ അളവ് ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോൾ നമ്മുടെ കണക്കുകൂട്ടലിനും അപ്പുറമാകും.