palayi

ജലസമൃദ്ധമായ കാര്യങ്കോട് പുഴയിൽ കേരളത്തിലെ ആദ്യമന്ത്രിസഭയുടെ കാലത്ത് വിഭാവനം ചെയ്ത പാലായി താങ്കൈ കടവ് ജലസേചനപദ്ധതി അരനൂറ്റാണ്ടിന്റെ ഇഴച്ചിലിനൊടുവിൽ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയായി പൂർത്തിയായത് മൂന്നരവർഷം മുമ്പാണ്. കുടിവെള്ളം,ജലസേചനം,ടൂറിസം, ഗതാഗതം എന്നീ ഉദ്ദേശങ്ങൾ മുൻനിർത്തി 65 കോടി ചിലവിട്ട് ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ച പദ്ധതി പക്ഷെ ഇരുകരയിലുമുള്ളവർക്ക് കടന്നുപോകുന്ന പാലത്തിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.ഉദ്യോഗസ്ഥതലത്തിലെ ആസൂത്രണമില്ലായ്മ മൂലം സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് നിലവിൽ പദ്ധതി വരുത്തുന്നത്. ചരിത്രത്തിലില്ലാത്ത കടുത്ത വരൾച്ച നേരിട്ട ഈ വേനലിലും ഉപ്പുവെള്ളം കലർന്ന് സമീപപഞ്ചായത്തുകൾക്ക് വേണ്ട കുടിവെള്ളം നൽകാൻ പോലും സാധിക്കാത്ത തരത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് ഈ പദ്ധതി. ഖജനാവിന് വൻനഷ്ടം വരുത്തിവച്ച പദ്ധതിയുടെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച് കേരളകൗമുദി നടത്തുന്ന അന്വേഷണം.

ചിലവിട്ടത് 65 കോടി

ഏഴ് ഷട്ടറുകളിൽ ചോർച്ച

നീലേശ്വരം: ഇറിഗേഷൻ വകുപ്പിന്റെ ആസൂത്രണക്കുറവ് മൂലം കൊട്ടിഘോഷിച്ച പാലായി റഗുലേറ്റർ കം ബ്രിഡ്ജ് ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്നതിൽ പരാജയം. നീലേശ്വരം നഗരസഭയ്ക്കും സമീപ പഞ്ചായത്തുകൾക്കും കുടിവെള്ളത്തിനും കാർഷിക ജലസേചനത്തിനും ടൂറിസം വികസനത്തിനും ഉതകുന്ന വിവിധോദ്ദേശപദ്ധതിയാണ് വേണ്ടത്ര ഗൃഹപാഠമില്ലാതെ വെറും പാലമെന്ന നിലയിൽ മാത്രം ചുരുങ്ങിയിരിക്കുന്നത്.

റഗുലേറ്ററിലെ ഏഴ് ഷട്ടറുകൾക്ക് അടിയിലൂടെ ഉപ്പുവെള്ളം അകത്തുകയറുന്നുവെന്നാണ് ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നത്. 2018 ആഗസ്റ്റ് നാലിന് മുഖ്യമന്തി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച പദ്ധതി 2021 ഡിസംബർ 26ന് അദ്ദേഹം തന്നെയാണ് ഉദ്ഘാടനം ചെയ്തത്. മൂന്നുവർഷം കഴിയുമ്പോൾ നീലേശ്വരം നഗരസഭയേയും കയ്യൂർ ചീമേനിയേയും ബന്ധിപ്പിക്കുന്ന റോഡ് പാലം മാത്രമാണ് ഇതുകൊണ്ടുള്ള പ്രയോജനമായി ലഭിക്കുന്നത്. പന്ത്രണ്ട് മീറ്റർ നീളമുള്ള പതിനാലും ഏഴര മീറ്റർ നീളമുള്ള രണ്ടും ജല ഗതാഗതത്തിനുതകുന്ന ലോക്കോടു കൂടിയ ഒരു സ്പാനുമാണ് റഗുലേറ്റർ കം ബ്രിഡ്ജിൽ ഉള്ളത്.

ഉപ്പുവെള്ളം തടഞ്ഞ് കുടിവെള്ളം,

അയ്യായിരം ഹെക്ടറിൽ ജലസേചനം

രണ്ട് ദശലക്ഷം ഘനമീറ്റർ ജലം സംഭരിച്ച് പതിനെട്ട് കിലോമീറ്റർ ഭാഗത്ത് ശുദ്ധജലം ഉറപ്പുവരുത്താൻ കഴിയും എന്നായിരുന്നു പദ്ധതിയുടെ പ്രധാന ഉറപ്പുകളിലൊന്ന്.ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് 4865 ഹെക്ടർ കൃഷിയിടം നനയ്ക്കാവുന്ന ജലസേചന പദ്ധതിയാണ് മറ്റൊരു ആകർഷണം. നീലേശ്വരം നഗരസഭയ്ക്കു പുറമെ സമീപ പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂർ പഞ്ചായത്തുകൾക്കുതകുന്നതാണ് ജലസേചന, കുടിവെള്ള പദ്ധതികൾ.

ഏഴിമല നാവിക അക്കാഡമി, കണ്ണൂർ സി.ആർ.പി.എഫ് ക്യാമ്പ് എന്നിവിടങ്ങളലേക്കുള്ള കുടിവെള്ളത്തിന്റെ മുഖ്യസ്രോതസായ കാര്യംകോട് പുഴയെ ജലസമൃദ്ധമാക്കാനാകുമെന്നും പദ്ധതി വിഭാവനം ചെയ്തിരുന്നു. സമീപ പ്രദേശങ്ങളിൽ ജലനിരപ്പുയർത്തുമെന്നതിനാൽ കിണറുകൾക്കും കുളങ്ങൾക്കും ഗുണം ചെയ്യും. എന്നാൽ നിലവിൽ കിണറുകളിലെ ജലനിരപ്പിൽ കാര്യമായ രീതിയിൽ മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല.


പാലമൊരുങ്ങി, റോഡ് വികസിച്ചില്ല

227 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള ഡബിൾലൈൻ പാലമാണ് റഗുലേറ്ററിനോടനുബന്ധിച്ചുള്ളത്. ദേശീയപാതയ്ക്ക് സൗകര്യപ്രദമായ സമാന്തര പാത എന്ന നിലയിൽ ഉപകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വലിയ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാൻ സാധിക്കുന്ന തരത്തിലല്ല ഇരുകരയിലേയും റോഡുകൾ. കയ്യൂർ ചീമേനി, ചെറുവത്തൂർ പഞ്ചായത്തു നിവാസികൾക്ക് നീലേശ്വരത്തിന്റെ കിഴക്കൻമേഖലയുമായും മടിക്കൈ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നു പയ്യന്നൂരിലേക്കും 7 കിലോമീറ്ററോളം കുറഞ്ഞുകിട്ടുമെന്നതാണ് ഈ റോഡ് പൂർത്തിയായാലുള്ള പ്രയോജനം.

നാളെ- ലോറിവെള്ളത്തിന് പണംമുടക്കി മുടിഞ്ഞ് കരിന്തളവും കയ്യൂർ ചീമേനിയും