കണ്ണൂർ:നഗരത്തിലെ ബാറിൽ അഞ്ച് കള്ളനോട്ടുകൾ നൽകിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ പയ്യന്നൂർ കണ്ടോത്തെ വാഹന മെക്കാനിക് ഷിജുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. ടൗൺ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസിന്റെ ഗൗരവം കണക്കാക്കിയാണ് ഷിജുവിനെ കോടതി പോലീസ് അപേക്ഷപ്രകാരം കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഷിജു പറയുന്നത്. മെക്കാനിക്കായ തനിക്ക് ചന്തേരയിൽ വച്ച് കർണാടക ലോറിയുടെ തകരാർ പരിഹരിച്ചതിന് കിട്ടിയ പ്രതിഫലമെന്നാണ് യുവാവ് ആദ്യം നൽകിയ മൊഴി. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാതെ ചോദ്യം ചെയ്യൽ തുടർന്നപ്പോൾ ഈയാൾ ഈ മൊഴി മാറ്റി. ഏതോ കേന്ദ്രത്തിൽ നിന്ന് ഈയാൾ കള്ളനോട്ട് വാങ്ങിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എ.സി പി.സിബിൻ ടോമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.
പിടികൂടിയ അഞ്ഞൂറുരൂപ നോട്ടുകൾ 2 ബി എം 720582, 2 ബി എം 720586, 2 ബി എം 720587, 3 സി എൻ 8326 24, 3 സി എൻ 83 2655 എന്നീ സീരിയൽ നമ്പറുകളിലായിരുന്നു. സെക്യൂരിറ്റി ത്രഡ് മുറിഞ്ഞ നിലയിലും ഇന്ത്യൻ കറൻസിയ്ക്ക് ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്ത കടലാസിലുമായിരുന്നു നോട്ട്.
നിരീക്ഷിച്ച് രഹസ്യാന്വേഷണവിഭാഗം
കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണവിഭാഗവും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂർ നഗരത്തിലെ ബാറിൽ നിന്നും മദ്യപിച്ചതിനു ശേഷം അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ നൽകിയപ്പോഴാണ് കഴിഞ്ഞ ദിവസം ഷിജു പിടിയിലായത്. സംശയം തോന്നിയ ബാർ മാനേജർ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഷിജു ഏറെക്കാലം ഗൾഫിൽ ജോലി ചെയ്തിരുന്നു.ഇയാളുമായി ബന്ധമുള്ളവരും പൊലീസ് നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നാണോ ഇയാൾക്ക് കള്ളനോട്ടുകൾ കിട്ടിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കള്ളനോട്ട് എളുപ്പത്തിൽ അറിയാൻ
വെളിച്ചത്തിൽ കാണാൻ കഴിയുന്ന മഹാത്മാഗാന്ധിയുടെ ഛായാചിത്രം വാട്ടർമാർക്കായി നോട്ടിന്റെ ഇടതുവശത്ത് .
വെളിച്ചത്തിൽ പിടിച്ചാൽ ലംബമായുള്ള സുരക്ഷാത്രഡ് നൂൽ. അതിൽ ആർ.ബി.ഐ ,നോട്ടിന്റെ മൂല്യം
വ്യക്തവുമായ വരകൾ ഉണ്ടാകും വ്യാജ നോട്ടുകളിൽ മങ്ങിയ വരകളോ, പുരണ്ട മഷിയോ ആകും.
വെളിച്ചത്തിൽ കാണാവുന്ന സീ – ത്രൂ രജിസ്റ്റർ
ഇന്ത്യൻ കറൻസി നോട്ടുകളിൽ മൈക്രോലെറ്ററിംഗ് ഉണ്ട്.വ്യാജ നോട്ടുകളിൽ ഇത് മങ്ങിയിരിക്കും.
ഏറ്റവും ഉയർന്ന നിലവാരമുള്ള കടലാസുകളിലാണ് അച്ചടിക്കുന്നത്. വ്യാജ നോട്ടുകൾ മിനുസമുള്ളതും വഴുക്കലുള്ളതും .
. സൈഡ് പാനലിൽ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയൽ നമ്പർ
ഏഴുവർഷം തടവ് മുതൽ ജീവപര്യന്തം വരെ
വ്യാജ കറൻസികൾ ബോധപൂർവം പ്രചരിപ്പിക്കുന്നത്, ഐപിസി 489ഇ പ്രകാരമുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നുകിൽ പിഴയോ അല്ലെങ്കിൽതടവു ശിക്ഷയോ ലഭിക്കാം. വ്യാജ കറൻസി ബോധപൂർവം പ്രചരിപ്പിക്കുന്നതിന്, 7 വർഷത്തെ തടവു ശിക്ഷ മുതൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. അല്ലെങ്കിൽ പിഴയും തടവു ശിക്ഷയും ഒരുമിച്ചും ലഭിക്കാം.വ്യക്തിഗത പണമിടപാടിലാണ് വ്യാജ കറൻസി ലഭിക്കുന്നതെങ്കിൽ ചതിക്കപ്പെട്ടുവെന്ന് വെളിവാക്കുന്നതും തെളിയിക്കുന്നതുമായ രേഖകൾ കൈവശം ഉണ്ടാകണം.