നാറാത്ത്: ആദ്ധ്യാത്മികപ്രഭാഷണ രംഗത്ത് മൂവായിരത്തോളം വേദികൾ പിന്നിട്ട കെ.എൻ. രാധാകൃഷ്ണന്റെ 60-ാം പിറന്നാൾ നാറാത്ത് ശ്രീമന്ദിരത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അക്ഷയ തൃതീയ നാളായ വെള്ളിയാഴ്ച പുലർച്ചെ 4.30 ന് ആരംഭിച്ച ഏകദിന അഖണ്ഡഭാഗവതയജ്ഞത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, സുകൃത ഹോമം, ഭഗവതിസേവ എന്നീ ചടങ്ങുകളുമുണ്ടായി. യജ്ഞാചാര്യൻ എൻ.കെ. നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ആദരസമ്മേളനം സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്തു. ആർഷസംസ്കാര ഭാരതി ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണവാര്യർ അദ്ധ്യക്ഷത വഹിച്ചു. മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി. സോമൻ നമ്പ്യാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി മുൻ ചെയർമാൻ കെ.പി. ജയബാലൻ, ചുമർചിത്രകാരി സുലോചന മാഹി എന്നിവർ പ്രസംഗിച്ചു.