കണ്ണൂർ: ആറളത്ത് വനം വകുപ്പിന്റെ ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും. ഇരിട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം ആറളം ഫാമിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഫാമിലെ റോഡരികിലെത്തിയ കാട്ടാനയെയും കുട്ടിയാനയെയും തുരത്താനായാണ് ജീവനക്കാർ ജീപ്പിലെത്തിയത്. വാഹനം ശ്രദ്ധയിൽപ്പെട്ട കാട്ടാന ജീപ്പിന് നേരെ പാഞ്ഞടുത്തു. ഇതോടെ അമ്മയെ പിന്തുടർന്ന് കുട്ടിയാനയും. സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ജീപ്പ് റിവേഴ്‌സെടുത്തു. ഏതാനും ദൂരം കാട്ടാന ജീപ്പിന് നേരെ ഓടിയെത്തി. ആന പിൻതിരിഞ്ഞ് പോകും വരെ ജീവനക്കാർ ജീപ്പിൽ റിവേഴ്സ് പോയി. എന്നാൽ ആന അടുത്തെത്തിയതോടെ ജീപ്പിന്റെ ബോണറ്റിൽ കയടിച്ച് ശബ്ദമുണ്ടാക്കി. ഇതോടെ ആന പിന്തിരിഞ്ഞ് പോവുകയായിരുന്നു. ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, ഡ്രൈവർ അഭിജിത്ത് എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇവർ പകർത്തിയ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിട്ടുള്ളത്.