കണ്ണൂർ: അങ്കണവാടിയിൽ നിന്ന് നൽകിയ ചൂടുപാൽ കുടിച്ച് നാലുവയസുകാരന് സാരമായി പൊള്ളലേറ്റ സംഭവത്തിൽ പിണറായി പൊലീസും ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി. പിണറായി കോളാട് അങ്കണവാടിയിൽ സംസാരശേഷിയില്ലാത്ത ആൺകുട്ടിക്കാണ് പൊള്ളലേറ്റത്. കീഴ്ത്താടിയിലും ചുണ്ടിലും വായ്ക്കുള്ളിലും പൊള്ളലുണ്ട്. കഴിഞ്ഞദിവസം രാവിലെ 10ന് കുട്ടിയെ അങ്കണവാടിയിൽ വിട്ടശേഷം വീട്ടിൽ തിരിച്ചെത്തി കുറച്ചുസമയം കഴിയുമ്പോഴേക്കും കുട്ടിയുടെ മാതാവിനെ അദ്ധ്യാപിക അപകടവിവരം വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലും തലശ്ശേരി ഗവ. ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയയുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.