പുതിയ പാതയൊരുക്കി പ്രശ്ന പരിഹാരം
പട്ടുവം: ദേശീയപാത നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് അണ്ടർ പാസേജ് ഒരുക്കുന്നതിനായി തളിപ്പറമ്പ് -പട്ടുവം റോഡ് മുറിക്കേണ്ട പ്രവൃത്തി സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് വിരാമമാകുന്നു. ഗതാഗതവും കുടിവെള്ളവും മുടങ്ങുമെന്നതാണ് പട്ടുവം നാടിനെയാകെ ആശങ്കയിലാക്കിയിരുന്നത്. എന്നാൽ, നിർമ്മാണ കരാർ കമ്പനിക്കാർ തന്നെ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.
പട്ടുവം റോഡിൽ കണകുന്നിലാണ് അണ്ടർ പാസേജ് ഒരുക്കുന്നതിന് റോഡ് മുറിക്കേണ്ടത്. ഈ റോഡ് വഴിയാണ് പട്ടുവം ഭാഗത്തേക്കുള്ള ബസുകളും മറ്റുവാഹനങ്ങളും കടന്നുപോകുന്നത്. ഇതിനരികിലാണ് പട്ടുവം ഭാഗത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പുകളും. ഇത് മുറിച്ച് അണ്ടർ പാസേജ് പ്രവൃത്തി ആരംഭിച്ചാൽ ദീർഘനാളത്തേക്ക് പട്ടുവം ഭാഗത്തേക്കുള്ള കുടിവെള്ളം മുട്ടും.
പട്ടുവത്തേക്കുള്ള കയറ്റത്തിൽ നിന്നും ഒരു കൊച്ചു മെക്കാഡാം ടാറിംഗ് റോഡ് വേറെ നിർമ്മിച്ചാണ് പ്രശ്നപരിഹാരം കണ്ടെത്തുന്നത്. പാലത്തിന്റെ സ്ഥാനത്തിനു പിന്നാമ്പുറത്തു കൂടെ പട്ടുവം റോഡിലേക്ക് റോഡ് ബന്ധപ്പെടുത്തി. പുളിംപറമ്പ് ഭാഗങ്ങളിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പ് മെയിൻ പൈപ്പിൽ നിന്ന് മാറ്റി പുതിയ കണക്ഷൻ തന്നെ ഒരുക്കി. ആടിക്കുംപാറയിലേയും പട്ടുവം മാധവ് നഗർ ജലസംഭരണിയിലേക്കുമുള്ള 200 എം.എം പൈപ്പ് 250 എം.എം ആക്കി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാലം പണി പൂർത്തിയായാൽ ഇപ്പോൾ മാറ്റിയ എല്ലാ പൈപ്പ് ലൈനുകളും പാലത്തിന്റെ പുറത്തു കൂടി തന്നെ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ പ്രശ്നപരിഹാരത്തിനായി കളക്ടറേറ്റിലുൾപ്പെടെ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലപ്രദമായ ബദൽ സംവിധാനം കണ്ടെത്താനായില്ല. ഗതാഗതം വഴിതിരിച്ചുവിട്ടാലും കുടിവെള്ള പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നത് കീറാമുട്ടിയായി. അങ്ങനെയിരിക്കെയാണ് കരാർ കമ്പനി തന്നെ പരിഹാരം കണ്ടെത്തുന്നത്.
ഇരുത്തി ചിന്തിപ്പിച്ചത് സാമ്പത്തിക ബാദ്ധ്യത
ദേശീയപാത നിർമ്മാണ പ്രവൃത്തിക്കായി പട്ടുവം റോഡ് മുറിക്കേണ്ടിവന്നാൽ ഗതാഗതം വഴി തിരിച്ചുവിടാൻ ആലോചന നടന്നിരുന്നു. മുള്ളൂൽ -പറപ്പൂൽ -വെള്ളിക്കൈ ഭാഗത്തേക്കുള്ള ബസുകൾ കൂവോട് വഴി സർവീസ് എന്നതാണ് ഒരു വഴി. ഇതിന് ബസ് ഉടമകളിൽ നിന്നും യാത്രക്കാരിൽ നിന്നും വലിയ എതിർപ്പുണ്ടായി. വളരെയേറെ ചുറ്റിവളയേണ്ടിവരുമെന്നത് മാത്രമല്ല, പുളിംപറമ്പ് ഭാഗത്തെ യാത്രക്കാർക്ക് ബസ് യാത്ര ലഭിക്കാതെയുമാകും. അടുത്ത വഴി തൊക്കിലങ്ങാടി -പാളയാട് - മാന്ധംകുണ്ട്- പുളിംപറമ്പ് റോഡാണ്. എന്നാൽ, വീതി കുറവും ബലം കുറഞ്ഞ പാളയാട് പാലവും ഇതിന് തടസമാണ്. കരാർ കമ്പനിക്കാർ വൻതുക ചെലവഴിച്ച് റോഡ് വീതി കൂട്ടുകയും പാലം ബലപ്പെടുത്തുകയും വേണമായിരുന്നു. ഇതാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് അവരെ നയിച്ചതും.
പ്രവൃത്തി കുറ്റിക്കോൽ -കീഴാറ്റൂർ -കുപ്പം ബൈപ്പാസിൽ
ബൈപ്പാസ് റോഡിന്റെ വീതിയിൽ 20 മീറ്റർ ആഴത്തിൽ റോഡ് മുറിക്കണം
ചെയ്യാനുള്ളത് ശ്രമകരമായ പ്രവൃത്തി. മുകളിലൂടെ റോഡ് പുനഃസ്ഥാപിക്കണം
നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കാൻ വേണ്ടിവരിക ഒരു വർഷത്തിലധികം സമയം