photo-
വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്തെ റോഡിൽ കൾവർട്ട് തകർന്ന് രൂപപ്പെട്ട കുഴി

പഴയങ്ങാടി: റോഡിലെ കൾവർട്ട് തകർന്ന് പ്രധാന റോഡിൽ അപകടകരമായ വൻ ഗർത്തം രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മൂടാനുള്ള നടപടിയില്ല. വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്തെ മെക്കാഡം റോഡിലെ കൾവർട്ട് തകർന്നാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.

നേവൽ അക്കാഡമിയിലേക്ക് അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. മണിക്കൂറുകൾ ഇടവിട്ട് റെയിൽവേ ഗേറ്റ് അടക്കുമ്പോൾ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണിവിടെ. ആദ്യം ഉണ്ടായ കുഴി വ്യാപിച്ച് റോഡ് മുഴുവനായും തകരാനും സാദ്ധ്യത ഏറെയാണ്.

പഴയങ്ങാടി പി.ഡബ്‌ള്യു.ഡിയുടെ കീഴിലുള്ള റോഡാണിത്. 10 മാസം മുമ്പാണ് റോഡ് മെക്കാഡം ടാറിംഗ് നടത്തിയത്. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഗർത്തം മൂടുവാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല. റോഡ് പണികഴിപ്പിച്ച കോൺട്രാക്ടറെ ഫോണിലൂടെ വിളിച്ചാൽ കിട്ടാറുമില്ലെന്ന് പറയുന്നു. പി.ഡബ്‌ള്യു.ഡി അസിസ്റ്റന്റ് എൻജിനീയർ പറയുന്നതാവട്ടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന വാദവും. മഴക്കാലം വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഒരു പരിഹാരമാണ് നാട്ടുകാരുടെ ആവശ്യം.