പിണറായി: പിണറായിലെ അങ്കണവാടിയിൽ തിളച്ച പാൽ നൽകിയതിനെ തുടർന്ന് അഞ്ച് വയസുകാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരുടെ വീഴ്ച കണ്ടെത്തി. അങ്കണവാടി ജീവനക്കാരുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായി അഡീഷനൽ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അങ്കണവാടി ഹെൽപറുടെ മൊഴിയും രേഖപ്പെടുത്തി. പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്‌ക്കെതിരെയാണ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് വയസുകാരൻ അപകടനില തരണം ചെയ്തു.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് വീട്ടിലേക്ക് ഫോൺ കാൾ വന്നതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. താടിയിലെ തോൽ പൊളിയുന്നു എന്നാണ് പറഞ്ഞത്. പോയി നോക്കിയപ്പോൾ മകന്റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് എന്താ കൊടുത്തതെന്ന് ചോദിച്ചപ്പോൾ പാൽ കൊടുത്തിരുന്നുവെന്ന് പറഞ്ഞു.