കാസർകോട്: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലതാരത്തിനുള്ള അവാർഡ് സ്വന്തമാക്കി ആവണി ആവൂസ്. കുറിഞ്ഞി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. ഇതേ ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് കുന്നുമ്മേലിനു മികച്ച ഗോത്ര ഭാഷ ചിത്രത്തിനുള്ള പുരസ്‍കാരവും ലഭിച്ചു.
കുറിഞ്ഞി എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ആവണി ആവൂസ് ആയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കുറിഞ്ഞി’. വേര് ശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റ് പൊതുവിഭാഗങ്ങളുടെയും ജീവിത മുഹൂർത്തങ്ങൾ, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ കാടകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കുറിഞ്ഞി.
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ്ജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ. ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവുമടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.