തൃക്കരിപ്പൂർ: തങ്കയം - തട്ടാർ കടവ് കക്കുന്നം ജംഗ്ഷനിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസും എതിരേ വന്ന കാറും കൂട്ടി ഇടിച്ച് അപകടം. തൃക്കരിപ്പൂർ തങ്കയം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസും പയ്യന്നൂരിൽ നിന്നും തൃക്കരിപ്പൂരിലേക്ക് പോവുകയായിരുന്ന കാറുമായാണ് കൂട്ടി ഇടിച്ചത്. അമിത വേഗതയിൽ വന്ന കാർ ജംഗ്ഷനിൽ നിന്ന് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കാർ വന്ന് ഇടിക്കുന്നതിനിടെ അപകടം ഒഴിവാക്കാനായി ബസ് ഡ്രൈവർ വലതു വശത്തേക്ക് വെട്ടിക്കുന്നതിനിടെ റോഡ് വക്കിലെ എച്ച്.ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് തകർന്നു.

ഇരു വാഹനങ്ങളുടെയും മുൻഭാഗം പാടെ തകർന്നു. ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന നിരവധി പേർക്ക് നിസാരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന സ്ത്രീയെ പരിക്കുകളോടെ പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു റോഡുകൾ കൂടിച്ചേരുന്ന ഈ ജംഗ്ഷൻ അപകട സാദ്ധ്യത ഉള്ള പ്രദേശമാണ്. ഇടുങ്ങിയ ജംഗ്ഷനായതിനാൽ വളരെ അടുത്തെത്തിയാൽ മാത്രമെ എതിരെ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പ്പെടുകയുള്ളൂ. ആയതിനാൽ ഇവിടുത്തെ ട്രാഫിക് നിയന്ത്രിക്കാൻ അടിയന്തരമായി എന്തെങ്കിലും സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്നില്ല. കേരളകൗമുദി നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തൃക്കരിപ്പൂർ ഫയർ ഫോഴ്സ്, ചന്തേര പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, നാട്ടുകാർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.