കാസർകോട്: കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറിലേക്ക് വീണ യുവാവിനെ കാസർകോട് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട് പഞ്ചായത്ത് ദേളി ബേനൂരിലെ ദിവ്യ എന്ന അദ്ധ്യാപികയുടെ വീട്ടുകിണറ്റിൽ ജോലിയിലേർപ്പെട്ട സതീശനാ(39)ണ് കിണറിൽ വീണത്.
ഞായറാഴ്‌ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ജോലി കഴിഞ്ഞ് തിരികെ കയറുന്നതിനിടയിൽ മുകളിലെത്തിയപ്പോൾ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. 65 അടി താഴ്‌ചയുള്ള കിണറിലേക്കുള്ള വീഴ്ചയിൽ കാലിന് പരിക്ക് പറ്റി. ഒരാൾ മാത്രമാണ് കിണർ വൃത്തിയാക്കാൻ ഉണ്ടായിരുന്നത്. വിവരത്തെ തുടർന്ന് കാസർകോട് ഫയർഫോഴ്‌സ് യൂനിറ്റിലെ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ വി.എൻ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കിണറിലിറങ്ങി റെസ്ക്യൂ വലയിൽ കയറ്റുകയും നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് പുറത്തെടുത്ത് ഉടൻ ഫയർഫോഴ്‌സിൻ്റെ ആംബുലൻസിൽ കാസർകോട് ജനറൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുധീഷ്, കിഷോർ, രഞ്ജിത്ത്, ഹോംഗാർഡ് സന്തോഷ് കുമാർ, ഡ്രൈവർ വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.