കാഞ്ഞങ്ങാട്: അരയിൽ മോനാച്ച വിവേകാനന്ദ ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വനിതാ സംഗമവും കൈകൊട്ടിക്കളി മത്സരവും നടത്തി. ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമം സാമൂഹ്യ പ്രവർത്തക മുനിസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. വനിത കമ്മിറ്റി ചെയർപേഴ്സൺ സുമ പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്ലബ്ബ് പ്രസിഡന്റ് ഗോകുൽ ആനന്ദൻ മോനാച്ച, സെക്രട്ടറി സജിത്ത് മോനാച്ച എന്നിവർ ഉപഹാരം നൽകി. അമ്പലത്തറ സ്‌നേഹവീടിന് ക്ലബ്ബ് നൽകുന്ന സഹായം ക്ലബ്ബ് ട്രഷറർ നവീൻ കക്കാണത്ത് കൈമാറി. വനിതാ വിഭാഗം കൺവീനർ ശ്രീമ ബിജേഷ് സ്വാഗതം പറഞ്ഞു. 18 ടീമുകൾ പങ്കെടുത്ത കൈകൊട്ടിക്കളി മത്സരത്തിൽ ഫ്രണ്ട്സ് വെളുത്തോളി ഒന്നാം സ്ഥാനവും യംഗ് ഇന്ത്യൻസ് വലിയപൊയിൽ രണ്ടാം സ്ഥാനവും നേടി.