kuzhi
അപകട ഭീഷണിയായ റോഡിലെ കുഴി

തൃക്കരിപ്പൂർ: നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയ റോഡിൽ നാട്ടുകാരെ കുടുക്കാനൊരു കുഴി. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായി. തങ്കയം -തലിച്ചാലം റോഡിൽ അണീക്കര കൊവ്വൽ പരിസരത്താണ് കുഴിയുള്ളത്. പയ്യന്നൂരിൽ നിന്നും തലിച്ചാലം പാലം വഴി തൃക്കരിപ്പൂർ ഭാഗത്തേക്ക് പോകുന്ന റോഡാണിത്.

റെയിൽവേ ഗേറ്റിന്റെ തടസ്സമില്ലാതെ ഇരുഭാഗത്തേക്കും സുഗമമായി യാത്ര ചെയ്യാൻ കഴിയുമെന്നതിനാൽ നാട്ടുകാർ ഈ റോഡിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വാഹന തിരക്കും പതിവാണ്. ഇവിടെ രണ്ട് വളവുകൾക്കിടയിലാണ് ഈ കുഴി ഉള്ളതെ ന്നതിനാൽ അപകട സാദ്ധ്യത വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ഇരുചക്ര വാഹനം കുഴിയിൽ വീണ് അപകടം സംഭവിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

2000 ലാണ് ഒരു കോടി രൂപ നിർമ്മാണ ചെലവുള്ള ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള തങ്കയം -തലിച്ചാലം റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവൃത്തി ആരംഭിച്ചത്. ആരംഭദശയിൽ തന്നെ മുടന്തി നീങ്ങിയ പ്രവൃത്തിക്കെതിരെ ജനരോഷം ഉയർന്നിരുന്നു. ജില്ലികൾ നിരത്തിയശേഷം പ്രവൃത്തി വീണ്ടും നിലച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പരാതി പി.ഡബ്‌ള്യു.ഡി. വകുപ്പിന്റെ മുന്നിലെത്തിയതോടെ 2021 ഫെബ്രുവരിയിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം സൈറ്റിലെത്തുകയും കരാറുകാരനെ വിളിപ്പിക്കുകയും ചെയ്തു. ഏറ്റവും വേഗം പണി പൂർത്തിയാക്കാമെന്ന് അന്ന് കരാറുകാരൻ ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നീട് കാര്യങ്ങളൊക്കെ ദ്രുതഗതിയിൽ നടന്നുവെങ്കിലും ടാറിംഗിന്റെ അവസാന ലെയർ വർക്ക് ബാക്കിയാക്കി കരാറുകാരൻ സ്ഥലം വിടുകയായിരുന്നു.

റോഡ് അത്ര നിസാരനല്ല

തങ്കയം ചക്രപാണി ക്ഷേത്രം, തലിച്ചാലം പാലം വഴി പയ്യന്നൂരിലേക്കുള്ള എളുപ്പ വഴി, രാമവില്യം റെയിൽവേ ഗേറ്റിലേക്കുള്ള റോഡ് എന്നിങ്ങനെ നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡിനാണ് ഈ ദുർഗതി.

റോഡിലെ കുഴി അടിയന്തരമായി നികത്താനും, കരാറുകാരൻ ഉപേക്ഷിച്ച ഈ റോഡിലെ അവസാന ലെയറിംഗ് കൂടി പൂർത്തിയാക്കാനുമുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം.

കെ.സജീവ് കുമാർ, പൊതു പ്രവർത്തകൻ, തങ്കയം