കാസർകോട്: പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഫോട്ടോ, എഫ്.ബി പോസ്റ്റ് വിവാദങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജിഭീഷണി മുഴക്കി ഞായറാഴ്ച ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പിന്നീട് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11ന് മാധ്യമങ്ങളെ കണ്ടു കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും അതും മാറ്റിവെച്ചു.
അതിനിടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിനെതിരെ ബാലകൃഷ്ണൻ പെരിയയെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തുവന്നു. ഭീരു ആയതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും തെലുങ്കാനയിൽ ഉള്ള താൻ ബുധനാഴ്ച തിരിച്ചെത്തി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഉണ്ണിത്താൻ പറഞ്ഞിട്ടുണ്ട്. എന്നാൽ തത്കാലം പരസ്യമായ പ്രതികരണത്തിന് ഇല്ലെന്ന നിലപാടാണ് ബാലകൃഷ്ണൻ പെരിയ സ്വീകരിച്ചത്.
പെരിയ കല്ല്യോട്ടെ സി.പി.എം നേതാവും ഇരട്ടക്കൊലപാതക കേസിലെ പ്രതിയുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് കാസർകോട് കോൺഗ്രസിൽ വിവാദം ഉയർന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഡി.സി.സി ജനറൽ സെക്രട്ടറി ധന്യ സുരേഷ് ഇതേ പ്രതിയുടെ കൂടെ പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രമോദ് പെരിയ വെളിപ്പെടുത്തുകയും ചെയ്തു.
കല്യാണത്തിൽ പങ്കെടുത്തവരെ ആക്ഷേപിച്ചു കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി പ്രതികരിച്ചതോടെയാണ് കോൺഗ്രസിൽ ഭിന്നത ഉടലെടുത്തത്. കല്യാണചടങ്ങിൽ പങ്കെടുത്ത നേതാക്കൾ എന്റെ തോൽവിക്ക് വേണ്ടിയും പ്രവർത്തിച്ചുവെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു. ഉണ്ണിത്താൻ ബാലകൃഷ്ണൻ പെരിയയുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്റെ പേര് ഫേസ്ബുക്കിൽ കുറിച്ചതാണ് വിവാദം കടുപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജിഭീഷണി മുഴക്കിയത് അതിനുപിന്നാലെയാണ്. പെരിയ കൊലക്കേസിലെ പ്രതിയായ ജനപ്രതിനിധിയുമായി രാജ്മോഹൻ ഉണ്ണിത്താൻ നിരന്തരം സൗഹൃദം പങ്കിടുന്നുണ്ടെന്നും കോൺഗ്രസിനെ തകർത്ത് സി.പി.എമ്മിൽ പോയ ഷാനവാസ് പാതൂറിന്റെ വീട്ടിൽ ഉണ്ണിത്താൻ നിത്യ സന്ദർശകനാണെന്നും ബാലകൃഷ്ണന്റെ കുറിപ്പിലുണ്ട്. കല്യോട്ടെ ശരത് ലാൽ, കൃപേഷ് വധക്കേസിൽ ഉണ്ണിത്താൻ ആയിരം രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും ബാലകൃഷ്ണൻ പെരിയ ആരോപിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങിയവരാണ് തങ്ങളെപ്പോലുള്ള പെരിയയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. തന്റെ സഹോദരന്റെ വീട് ബോംബിട്ട് തകർക്കാൻ ശ്രമിച്ചുവെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാൻ ഉണ്ണിത്താൻ കൂട്ടുനിന്നു എന്നും എഫ്.ബിയിൽ ബാലകൃഷ്ണൻ കുറിച്ചിരുന്നു.