കേളകം: ടൂറിസം വികസനവും, കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരവും മുന്നിൽകണ്ട് നിർമ്മാണം ആരംഭിച്ച പാതയുടെ പ്രവൃത്തിയിൽ കടുത്ത അതൃപ്തിയുമായി നാട്ടുകാർ. കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ കൊട്ടിയൂർ പഞ്ചായത്തിലെ മന്ദംചേരി വരെയുള്ള സമാന്തരപാതയുടെ നിർമ്മാണം ജനുവരിയിലാണ് ആരംഭിച്ചത്. വളയംചാലിൽ പ്രവൃത്തി പുരോഗമിക്കുന്ന റോഡിനെതിരെയാണ് വ്യാപക പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയത്.
ഇരുഭാഗങ്ങളിലും തുല്യമായ രീതിയിൽ റോഡിന്റെ വീതി കണക്കാക്കി കുറ്റിയടിച്ച ഭാഗം എടുക്കാതെ ഒരു ഭാഗം മാത്രം വീതി കൂട്ടിയെടുത്താണ് വളയംചാലിൽ ചിലയിടങ്ങളിൽ പ്രവൃത്തി നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ കയറ്റവും ഇറക്കവും ഉള്ള ഇടങ്ങളിൽ അശാസ്ത്രീയമായാണ് മണ്ണെടുത്തതെന്നും ഇതു കാരണം റോഡിലെ ചെളിയും മഴവെള്ളവും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയാണെന്നും നാട്ടുകാർ പറയുന്നു.
റോഡ് നിർമ്മാണത്തിലെ അപാകത ശ്രദ്ധയിൽ പെട്ടതോടെ സംഭവസ്ഥലം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവൻ പാലുമ്മി, കെ.എം.ജോർജ് എന്നിവർ സന്ദർശിച്ചു. നിർമ്മാണത്തിലെ അപാകത നീക്കണമെന്ന് റോഡ് സൂപ്പർവൈസറോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ എൻജിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുമെന്ന ഉറപ്പിന്മേലാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മടങ്ങിയത്.
പ്രധാനമന്ത്രി ഗ്രാമസഡ്ക് യോജന പദ്ധതി
പ്രധാനമന്ത്രി ഗ്രാമസഡ്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് 3.75 മീറ്റർ വരെയാണ് ടാറിംഗിന്റെ വീതി. കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാലുകൾ ഇല്ലാതെ നിർമ്മാണം നടത്തുന്നതും റോഡരികിൽ താമസിക്കുന്നവർക്ക് ദുരിതമാവുകയാണ്.
സമാന്തരപാതയിൽ നിരന്തരമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒരു ഭാഗത്ത് വീതി കൂട്ടിയെടുത്ത് മറുഭാഗം ഒഴിവാക്കുന്നുവെന്ന പരാതി വരുന്നുണ്ട്. വീടുകളിലേക്ക് ചെളിവെള്ളം കയറുന്ന പ്രശ്നവുമുണ്ട്. ഇതെല്ലാം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
സി.ടി. അനീഷ്, കേളകം പഞ്ചായത്ത് പ്രസിഡന്റ്
1. ചെളിയും മഴവെള്ളവും സമീപത്തെ വീടുകളിലേക്ക്
2. ഒരു ഭാഗം മാത്രം വീതി കൂട്ടിയെടുത്താണ് വളയംചാലിൽ ചിലയിടങ്ങളിൽ പ്രവൃത്തി
3. കയറ്റവും ഇറക്കവും ഉള്ള ഇടങ്ങളിൽ അശാസ്ത്രീയമായാണ് മണ്ണെടുത്തതെന്നും നാട്ടുകാർ
4. അടുത്ത ദിവസം തന്നെ എൻജിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുമെന്ന് ഉറപ്പ് നല്കി