മാഹി: കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തെയും, മാഹിയുടെ ഭാഗമായ പന്തക്കലിനെയും ബന്ധിപ്പിക്കുന്ന പൊന്ന്യം പുഴയ്ക്ക് കുറുകെയുള്ള കമ്പിപ്പാലത്തിന് നാട്ടുകാരുടെ ശ്രമദാനത്തിൽ അവധി ദിവസമായ ഞായറാഴ്ച അറ്റകുറ്റപ്പണി നടത്തി പാലം നവീകരിച്ചു. 41 വർഷത്തെ പഴക്കമുള്ള കമ്പിപ്പാലത്തിന് എല്ലാ വർഷവും നാട്ടുകാർ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനാലാണ് പാലം നിലനിൽക്കുന്നത്.
ഈ പാലത്തിലൂടെ കാൽനട യാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്.10 ൽ കൂടുതൽ ആളുകൾ പാലത്തിലൂടെ ഒരുമിച്ച് യാത ചെയ്യരുതെന്ന സൂചനാ ബോർഡും പാലം കമ്മിറ്റി ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 6 മുതൽ നവീകരണ പ്രവൃത്തി തുടങ്ങി. വൈകിട്ട് 7 മണിയോടെയാണ് പ്രവൃത്തി പൂർത്തിയായത്. രാവിലെ മുതൽ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചിരുന്നു. പൊന്ന്യം തയ്യിൽ മുക്കിലെ 35 ഓളം യുവാക്കൾ പാലം നവീകരണത്തിൽ പങ്കുചേർന്നു. പൊന്ന്യത്തെ എം.വിനോദ് പ്രസിഡന്റും, എം.സന്തോഷ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പാലം സംരക്ഷിച്ചു പോരുന്നത്. ശ്രമദാനത്തിൽ പങ്കെടുത്ത യുവാക്കളെ നാട്ടുകാർ അഭിനന്ദിച്ചു.
പ്രളയ കാലത്ത് സംരക്ഷിച്ചെടുത്തു
1983ലാണ് ഇവിടെ ഇരുമ്പുകമ്പികൾ ഉപയോഗിച്ച് പാലം പണിതത്. ആദ്യകാലത്ത് തെങ്ങിൻ തടികൾ കൂട്ടിയോജിപ്പിച്ച പാലമായിരുന്നു. പുഴയുടെ ഇരുകരകളിലും കരിങ്കൽ തൂണുകൾ നിർമ്മിച്ചാണ് ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് പാലം പണിതത്. 2016ലെ പ്രളയകാലത്ത് പൊന്ന്യം പുഴ കരകവിഞ്ഞപ്പോൾ പാലം കമ്പക്കയറിൽ കെട്ടിയിട്ടാണ് സംരക്ഷിച്ചത്.