തൃക്കരിപ്പൂർ: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ കാമ്പയിന് തുടക്കമായി. 373 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒമ്പതിനായിരം വീടുകൾ ആദ്യം സ്വന്തം വീട് എന്ന മുദ്രാവാക്യവുമായാണ് ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രണ്ടാം ദിവസം 21 വാർഡുകളിലേയും ഡ്രൈനേജുകളും തെരുവുകളും മൂന്നാംദിവസം 21 വാർഡുകളിലെ ജലാശയങ്ങളായ തോടുകളും പുഴകളും കുളങ്ങളും ശുചീകരിച്ചു. നാലാംദിവസം ടൗൺ ശുചീകരണ പ്രവർത്തനം നടത്തി. ശുചീകരണ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പായി വിപുലമായ യോഗം വിളിച്ചു കൂട്ടിയാണ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. ഭരണ സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ, തൊഴിലുറപ്പു തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മറ്റു തൊഴിലാളികൾ, വ്യാപാരി വ്യവസായി അംഗങ്ങൾ, എൻ.എസ്.എസ് പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചിത്വ കാമ്പയിൻ.