കണ്ണൂർ: പദ്ധതികൾ നടപ്പാക്കുന്നതിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി കൗൺസിൽ യോഗത്തിൽ വിമർശനം. ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി രംഗത്തെത്തി. പല ഡിവിഷനുകളിലും എസ്റ്റിമേറ്റ് അടക്കം എടുത്തിട്ടും പദ്ധതി നടത്തിപ്പ് വൈകുകയാണെന്ന് അംഗങ്ങൾ ആരോപിച്ചു. ഇത്തരത്തിൽ കൃത്യനിർവഹണം നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മേയർ മുസ്‌ലീഹ് മഠത്തിൽ പറഞ്ഞു.

പുഴാതിയിലെ അങ്കണവാടി പൊട്ടിപൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കുറേ നാളായെന്നും നിരവധി തവണ അറിയിച്ചിട്ടും അറ്റകുറ്റപണികൾക്കായി ഫണ്ട് ലഭിച്ചില്ലെന്നും എൽ.ഡി.എഫ് കൗൺസിലർ ടി.രവീന്ദ്രൻ ആരോപിച്ചു. എന്നാൽ, അങ്കണവാടികൾക്കായി ഒരു കോടി രൂപ മാറ്റിവച്ചിട്ടുണ്ടായിരുന്നെന്നും ഇതിനായി ആരും വരാത്തത് കൊണ്ട് ഫണ്ട് ലാപ്സായെന്നും ഡെപ്യൂട്ടി മേയർ പി.ഇന്ദിര പറഞ്ഞു. ഫണ്ട് മാറ്റി വച്ചാൽ അത് ശരിയായി വിനിയോഗിക്കാൻ കൗൺസിലർമാർക്ക് കഴിയാറില്ലെന്നും ഇന്ദിര കുറ്റപെടുത്തി. പദ്ധതി വെക്കൽ മാത്രമാണോ ഭരണ സമിതിയുടെ ഉത്തരവാദിത്വമെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ ചോദിച്ചു. കൗൺസിലർമാരുടെ തലയിൽ കുറ്റംചാരി ഒഴിയാൻ നോക്കേണ്ടെന്നും നിരവധി തവണ അറിയിച്ചിട്ടും ന‌ടപടിയുണ്ടായിട്ടില്ലെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.

അങ്കണവാടികളുടെ അറ്റകുറ്റപണികൾക്കായി പ്രോജക്ട് തയ്യാറാക്കിയിരുന്നെന്നും എന്നാൽ ആരും ഇതിനായി മുന്നോട്ട് വന്നില്ലെന്നും സെക്ഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സംബന്ധിച്ച് ആരുടെ ഭാഗത്ത് നിന്നാണ് വീഴ്ച വന്നതെന്ന് കണ്ടെത്തി അടിയന്തര നടപടിയെടുക്കുമെന്ന് മേയർ പറഞ്ഞു. മുസ്ലീഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ചിത്തിര ശശിധരൻ, സയ്യിദ് സിയാദ് തങ്ങൾ, പനയൻ ഉഷ എന്നിവരും സംസാരിച്ചു.

പരിശീലനം നല്കിയില്ല, ഒന്നും നേരെയായില്ല

ജീവനക്കാർക്ക് പരിശീലനം നടത്താതെയാണ് കെ സ്മാർട്ട് നടപ്പിലാക്കിയതെന്ന് കൗൺസിലർ ടി.ഒ.മോഹനൻ ആരോപിച്ചു. ഇതുകൊണ്ട് തന്നെ പദ്ധതികൾ പലതും ഫയലുകളായി ഒതുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്നം പറഞ്ഞാണ് പല ഉദ്യോഗസ്ഥരും കൈയൊഴിയുന്നത്. എന്നാൽ, മൂന്ന് മാസത്തോളമായി എളയാവൂരിൽ ഫയൽ ഓവർസീയറിന്റെ മുന്നിൽ എത്തിയിട്ടും നടപടിയുണ്ടായില്ല. ഇത് ഗുരുതരമായ വിഷയമാണെന്ന് പി.കെ.രാഗേഷ് പറഞ്ഞു. ആരുടെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചതെന്ന് സെക്രട്ടറി പരിശോധിക്കണമെന്നും മോണിറ്ററിംഗ് നടത്തണമെന്നും മേയർ നിർദ്ദേശം നല്കി.