എടക്കാട്: ഇത്തവണ കാലവർഷം കനക്കുമെന്ന കണക്കുകൂട്ടലുകൾ വരുമ്പോൾ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ രണ്ടാംവാർഡിൽ മലക്കുതാഴെ പ്രദേശത്തുകാർക്ക് നെഞ്ചിൽ ആധിയാണ്. ദേശീയപാതാ നിർമ്മാണത്തെ തുടർന്ന് പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടതിനാൽ കഴിഞ്ഞ വർഷം പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് 100 ലേറെ കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. സർവീസ് റോഡ് വെട്ടിപ്പൊളിച്ചും മോട്ടോർ പമ്പുകളുപയോഗിച്ചുമായിരുന്നു അല്പമെങ്കിലും വെള്ളമൊഴുക്കിക്കളയാനായത്. തുടർന്ന് പ്രതിഷേധവും പ്രക്ഷോഭവും നടന്നെങ്കിലും ശാശ്വതമായ പരിഹാരം ഇതുവരെയും ഉണ്ടായില്ല.
ദേശീയപാതയുടെ ഓവുചാൽ നിർമ്മാണത്തിലെ അപാകമാണ് ഒഴുക്ക് തടസപ്പെടാൻ കാരണമായതെന്നും ആരോപണമുണ്ട്. മലക്കുതാഴെ, കക്കറ്റി എന്നിവിടങ്ങളിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം പ്രദേശത്ത് ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. വീടുകളിലേക്ക് വെള്ളം കയറി.
പ്രശ്നപരിഹാരത്തിനായി ഇക്കുറി ദേശീയപാത നിർമ്മാണ കമ്പനി ഓവുചാൽ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ പകുതിയോളം പ്രവൃത്തിയേ ഇനിയും പൂർത്തിയായുള്ളൂ. എടക്കാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള രണ്ട് റോഡുകൾ കീറി പൈപ്പിടാനുണ്ട്. ഇതിന് റെയിൽവേയുടെ അനുമതി കാത്തിരിക്കുകയാണ് അധികൃതർ.
കഴിഞ്ഞദിവസം ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, പി.ഡബ്‌ള്യു.ഡി എൻജിനീയർമാർ എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദർശിച്ചിരുന്നു. പ്രവൃത്തി വേഗത്തിലാക്കാനുള്ള നടപടിക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിയുമെന്ന ഉറപ്പില്ല
എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് 500 മീറ്ററോളം നീളത്തിലാണ് പുതിയ ഓവുചാൽ നിർമ്മിക്കുന്നത്.
ഓവുചാൽ മലക്കുതാഴെ പ്രദേശത്തുണ്ടാവുന്ന വെള്ളക്കെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതർ പറയുന്നതെങ്കിലും നാട്ടുകാരുടെ ആശങ്കയൊഴിയാത്ത സ്ഥിതിയാണ്. നിലവിൽ പടിഞ്ഞാറുഭാഗത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് ഒഴുക്കിക്കളയുന്ന രീതിയിലാണ് ചാലുണ്ടാക്കുന്നത്. വെള്ളം ചെറിയ തോതിൽ ഉയരുമ്പോൾ തന്നെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്രയും വെള്ളം ചാലിലൂടെ ഒഴുകുമോയെന്നാണ് ഇവർ ചോദിക്കുന്നത്. മഴ കനത്താലേ പ്രശ്നപരിഹാരം ഫലവത്തായോ എന്ന് ഉറപ്പാക്കാനാകൂവെന്നും ഇവർ പറയുന്നു.
1. കഴിഞ്ഞവർഷം മാറ്റിപ്പാർപ്പിച്ചത് 100 ഓളം കുടുംബങ്ങളെ
2. പ്രതിഷേധത്തെ തുടർന്ന് ഓവുചാൽ നിർമ്മിക്കുന്നു
3. ശാശ്വത പരിഹാരം ലഭിക്കുമെന്ന ഉറപ്പ് ഇനിയുമില്ല
4. റെയിൽവേയുടെ അനുമതി കടമ്പയായി കിടക്കുന്നു
ഡ്രൈനേജ് നിർമ്മാണത്തിന് റെയിൽവേയുടെ അനുമതി വേണ്ടതുണ്ട്. ഇത് വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡ്രൈനേജ് നിർമ്മാണം പ്രദേശത്തെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കില്ലെങ്കിലും വലിയ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
യു.എം. അഫ്സർ, പഞ്ചായത്ത് അംഗം