photo-1
വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിൽ

കണ്ണൂർ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീടിന്റെ അടുക്കള ഭാഗത്തെ ചുമരുകൾ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കാവിൻമൂല മാമ്പ പോസ്റ്റ് ഒാഫീസിന് സമീപം വളവിൽപീടികയിലെ ദേവന്റെ വീട്ടിലാണ് സംഭവം.

ചക്കരക്കൽ പൊലീസ്, ഫയർ ഫോഴ്സ് കണ്ണൂർ യൂണിറ്റ് എന്നിവർ സ്ഥലം പരിശോധിച്ചു. രണ്ടു വർഷം മുമ്പ് പ്രദേശത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അരിച്ചേരി രവീന്ദ്രൻ എന്ന ആൾ മരണപ്പെട്ടിരുന്നു. ഭാര്യ നളിനി, ഏജൻസി ജീവനക്കാരൻ എന്നിവർക്കും ഗുരുതരമായ പരിക്കുമുണ്ടായിരുന്നു. യഥാസമയം സിലിൻഡർ പരിശോധിച്ചു ഉറപ്പുവരുത്തത്താണ് ഇത്തരം അപകടം ആവർത്തിക്കുന്നതെന്നാണ് പറയുന്നത്.

നേരത്തെ അപകട മരണം സംഭവിച്ചവർക്കും പരിക്കേറ്റവർക്കും യാതൊരു ആനുകൂല്യവും ബന്ധപ്പെട്ടവർ നൽകിയിട്ടില്ല. വീടിനു പറ്റിയ കേടുപാടുകൾക്ക് നഷ്ടപരിഹാരം തേടി ചക്കരക്കൽ പൊലീസിന് വീട്ടു ഉടമ ആതിരാ നിവാസിൽ കെ.വി.ദേവൻ പരാതി നൽകി. ബാങ്ക് അധികൃതർക്കും ഗ്യാസ് കമ്പനിക്കു മെതിരെയാണ് പരാതി.