കരിവെള്ളൂർ: പ്രതീക്ഷിച്ച വേനൽ മഴ ലഭിക്കാത്തതും ചൂട് കാലം പതിവിലേറെ നീണ്ടതും ക്ഷീരകർഷകർക്ക് തിരിച്ചടിയായി. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം ജില്ലയിൽ ക്ഷീരോത്പാദനത്തിലുണ്ടായ കുറവ് 20 ശതമാനം. സമീപകാലത്തെ ഏറ്റവും കുറഞ്ഞ ഉത്പാദനമാണ് നടന്നതെന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഓഫീസിൽ നിന്നും ക്ഷീര വികസന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കുന്ന കണക്കുകൾ പറയുന്നു. ചൂടിന് കുറവില്ലെങ്കിൽ മേയ് മാസത്തെ കണക്ക് പരിശോധിക്കുമ്പോൾ ഉത്പാദന കുറവ് മുപ്പത് ശതമാനത്തോളമാകും. ചൂട് കൂടുമ്പോൾ ശരീര താപനില വർദ്ധിക്കുന്നതിനാൽ കന്നുകാലികൾക്ക് സംഭവിക്കുന്ന തെർമൽ സ്‌ട്രെസാണ് പാലുത്പാദനം കുറക്കുന്നതെന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രത്യുത്പാദനം, ശരീരവളർച്ചാ നിരക്ക്, രോഗപ്രതിരോധ ശേഷി എന്നിവയെയും ചൂട് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു പശുവിന് സാധാരണയായി പ്രതിദിനം 55 - 65 ലിറ്റർ കുടിക്കാനുള്ള ജലം ആവശ്യമാണ്. എന്നാൽ, ഉഷ്ണകാലത്ത് ഇത് ഇരട്ടിയാകുന്നു. വേനൽ കടുക്കുമ്പോൾ ഇത്തരത്തിൽ ജല ലഭ്യത ഉറപ്പുവരുത്താനാകാത്താണ് പശുക്കളിലെ പാലുത്പാദനത്തെ ബാധിക്കുന്നത്. പച്ചപ്പുല്ലും വൈക്കോലും പലയിടങ്ങളിലും തീർത്തും ഇല്ലാതായി.

പശു, ആട്, എരുമ എന്നിവയെ പോറ്റുന്നവരിൽ 60 ശതമാനവും സ്ത്രീകളാണ്. ചെറുകർഷകർ, ഭൂരഹിതരായ തൊഴിലാളികൾ, മറ്റു തൊഴിലുകൾ ഇല്ലാത്ത ദരിദ്രവിഭാഗങ്ങൾ എന്നിവരാണ് കാലിവളർത്തലിൽ കൂടുതലും ഏർപ്പെട്ടിരിക്കുന്നത്.

കൂടുതൽ പാൽ ഉത്പാദനം ലക്ഷ്യമിട്ട് ഇവർ സങ്കര ഇനങ്ങളെയാണ് വളർത്തുന്നത്. സ്വഭാവിക ചൂട്‌ പോലും താങ്ങാൻ കെൽപ്പുള്ളവയല്ല ഇവ. എച്ച്.എഫ്, ബ്രൗൺ, സിന്ധ്, ജേഴ്സി ഇനങ്ങളാണ് ഏറെയും. ചൂടുകാലത്ത് ഇവയ്ക്ക് അധിക പരിപാലനം ആവശ്യമാണ്. പല കർഷകരും കിട്ടിയ പണത്തിന് ഇത്തരം പശുക്കളെ ഫാമുടമകൾക്ക് കൈമാറിയിരിക്കുകയാണ്.


5 പശുക്കൾ ഇല്ലാതായി

വേനൽ കടുത്ത മാർച്ച് മാസം മുതൽ കഴിഞ്ഞ ദിവസം വരെ ജില്ലയിൽ അഞ്ച് പശുക്കളുടെ ജീവനാണ് നഷ്ടമായത്. കൂട്ടുപുഴ, കണ്ണപുരം, ചെറുകുന്ന്, ചെങ്ങളായി, മയ്യിൽ എന്നിവിടങ്ങളിലെ കർഷകരുടെ പശുക്കളാണ് ചൂട് സഹിക്കാനാകാതെ ചത്തുപോയത്. കഴിഞ്ഞ ദിവസം കാവിൻമൂലയിൽ ചാത്തോത്ത് ബാലകൃഷ്ണന്റെ പറമ്പിൽ കെട്ടിയിട്ട കറവ പശുവും കടന്നപ്പള്ളി കിഴക്കേക്കരയിലെ എം.കെ.കരുണാകരന്റെ തൊഴുത്തിൽ കെട്ടിയിട്ട പശുവും കുഴഞ്ഞ് വീണ് ചത്തു.


ഇൻഷ്വറൻസ് നിർത്തലാക്കി

ഇൻഷ്വറൻസ് കമ്പനികൾ ആടുമാടുകൾക്കുള്ള ഇൻഷ്വറൻസ് നിർത്തലാക്കിയതിൽ കർഷകർ പ്രതിഷേധത്തിലാണ്. ഇൻഷ്വറൻസ് കമ്പനികളായ ഓറിയന്റൽ, ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ തുടങ്ങിയവ പദ്ധതി നിർത്തലാക്കിയിരിക്കുകയാണ്. നിരവധി പേർ ആനുകൂല്യം കൈപ്പറ്റിയതിനാൽ നഷ്ടത്തിലാണെന്നാണ് കമ്പനി അധികൃതർ പറയുന്നത്.


ചൂട് കൂടിയതോടെ തുറസായ സ്ഥലത്ത് മേയാൻ വിടാനും കഴിയുന്നില്ല. പച്ചപ്പുൽ ലഭിക്കാത്തത് ഉത്പാദനത്തെ ബാധിക്കുന്നു. ജി.ഐ.ഷീറ്റുകൾ കൊണ്ടാണ് തൊഴുത്തിന്റെ മേൽക്കൂര. ഇതിന് മുകളിൽ ഓല നിരത്തി വെള്ളം ഒഴിച്ചിട്ടും ചൂട് കുറയ്ക്കാനാകുന്നില്ല
പി. മധു, ക്ഷീര കർഷകൻ, കരിവെള്ളൂർ