പഴയങ്ങാടി: വാഹനത്തിരക്കേറിയ പിലാത്തറ- പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ മരണക്കെണിയായി കുഴികൾ. നൂറുകണക്കിന് ചെറുതും വലുതുമായ കുഴികളാണ് റോഡിൽ പലയിടങ്ങളിലായി ഉളളത്. റോഡരികിലെ സോളാർ വിളക്കുകൾ മിഴി അടച്ചതിനാൽ രാത്രി കാലങ്ങളിൽ റോഡിൽ വെളിച്ചം ഇല്ല.
ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നു. റോഡിന്റെ ഉപരിതലം ഉയർന്നും താഴ്ന്നുമാണ് ഉളളത്. ഇതാണ് അടിക്കടിയുളള വാഹനാപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് പരാതി.
ദിവസങ്ങൾക്ക് മുൻപ് ചെറുകുന്ന് പുന്നച്ചേരിയിൽ പാചകവാതക സിലിണ്ടർ ലോറി ഇടിച്ച് കാർ യാത്രക്കാരായ 5 പേർ കെ.എസ്.ടി.പി റോഡിൽ മരിച്ചിരുന്നു. റോഡിലെ വെളിച്ചക്കുറവും കുഴികളും കൊണ്ടാണ് അപകടം ഉണ്ടായത്. വെളിച്ചമില്ലത്തതിനാൽ രക്ഷാപ്രവർത്തനത്തിന് ഇവിടെ തടസം നേരിട്ടിരുന്നു. മഴക്കാലം പടിവാതിക്കൽ എത്തിനിൽക്കെ റോഡിന്റെ അറ്റകുറ്റ പ്രവൃത്തികൾ നടത്തിയില്ലെങ്കിൽ റോഡ് പൂർണ്ണമായും തകരുന്ന അവസ്ഥയിലാണ്.
കെ.എസ്.ടി.പി റോഡിലെ ഉപരിതലം മിനുക്കാൻ രണ്ട് വർഷം മുൻപ് സംസ്ഥാന സർക്കാർ 15 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെയും അറ്റകുറ്റപ്പണി നടന്നില്ല. 21 കിലോമീറ്റർ റോഡ് നവീകരിക്കുന്നതോടൊപ്പം 7 വർഷത്തെ റോഡ് പരിപാലനം ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.