തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഡ്രീംസ് ഗേൾസ് ഫുട്ബാൾ അക്കാഡമി ഉത്തര കേരള വനിതാ ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അണ്ടർ 12, അണ്ടർ 14, അണ്ടർ 16 എന്നിങ്ങനെ മൂന്നു കാറ്റഗറിയിലായാണ് മത്സരങ്ങൾ. അണ്ടർ 16, അണ്ടർ 14 വിഭാഗത്തിന്റെ മത്സരങ്ങൾ 16 മുതൽ 19 വരെ തൃക്കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂൾ മിനി സ്റ്റേഡിയത്തിലും അണ്ടർ 12 വിഭാഗം മത്സരങ്ങൾ 15ന് തൈക്കീൽ അരിന ടർഫിലുമാണ് നടത്തുക. 15ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ദേശീയ ലോംഗ്ജംപ് താരം കെ.എം ജ്യോതിർമയി കളിക്കാരുമായി പരിചയപ്പെടും. 19ന് വൈകുന്നേരം 6ന് അരീന ടർഫിൽ സമാപനവും സമ്മാനദാനവും വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ഡോ. വി. രാജീവൻ, ഡോ. ടി സി ജീന, വി.വി. ഗണേശൻ, എം. രാജേഷ്, എം. പദ്മനാഭൻ പങ്കെടുത്തു.