കണ്ണൂർ: കത്തിയെരിയുന്ന വേനലിൽ വരൾച്ച വലിയതോതിൽ ബാധിച്ചതോടെ ജില്ലയിൽ നശിച്ചത് 10921 ഹെക്ടർ കൃഷി. വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതിക്ക, പയർവർഗങ്ങൾ, നെല്ല്, പച്ചക്കറികൾ, ഡ്രാഗൺ ഫ്രൂട്ട് എന്നീ കൃഷികളെയാണ് വരൾച്ച വലിയ തോതിൽ ബാധിച്ചത്. ഏറെ കഷ്ടപ്പെട്ട് നട്ടു നനച്ച പല കാർഷിക വിളകളും കനത്ത വെയിലിലും ചൂടിലും പാടെ നശിക്കുകയും കരിഞ്ഞ് പോവുകയുമായിരുന്നു. ഇത് കർഷകർക്ക് വൻ തിരിച്ചടിയായി. നിലവിൽ ഇൻഷ്വർ ചെയ്ത കർഷകർക്ക് മാത്രമേ നഷ്ട പരിഹാരം ലഭിക്കൂ.
2863 കർഷകർക്കാണ് നാശനഷ്ടം ഉണ്ടായത്. ജില്ലയിൽ മലയോര മേഖലയായ ഇരിട്ടി, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ് പ്രദേശങ്ങളിലാണ് കൂടുതലായും കൃഷിനാശം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി മാസം മുതൽ മേയ് 11 വരെയുള്ള നാശമാണ് വിദഗ്ദ്ധസംഘം പരിശോധന നടത്തിയത്. തെങ്ങുകളെയാണ് ജില്ലയിൽ കൂടുതലും വരൾച്ച ബാധിച്ചത്. 7333.31 ഹെക്ടർ തെങ്ങ് കൃഷിയാണ് നശിച്ചത്. തെങ്ങിന് പുറമെ കവുങ്ങിനെയും (3199.905) വാഴയേയും (432.995) വരൾച്ച ബാധിച്ചു.
തെങ്ങ് കുലച്ചെങ്കിലും വരൾച്ച മൂലം വിളവ് നശിച്ചു. ഇത്തരത്തിൽ 1263 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. തെങ്ങുകൾ കുലയ്ക്കാതെ 91 കർഷകർക്കും നാശമുണ്ടായി. കുലച്ച കവുങ്ങിൽ നിന്ന് വിളവ് ലഭിക്കാതെ 327 കർഷകർക്കും 157 കർഷകർക്ക് കവുങ്ങ് കുലയ്ക്കാതെയും നഷ്ടമുണ്ടായി. വാഴക്കൃഷി നടത്തിയ 544 കർഷകർക്ക് വാഴ കുലച്ചെങ്കിലും വിളവ് ലഭിച്ചില്ല. 342 കർഷകർക്ക് വാഴ കുലയ്ക്കാതെ നഷ്ടമുണ്ടായി. പച്ചക്കറി കൃഷി നടത്തിയ 148 കർഷകർക്കാണ് നാശമുണ്ടായത്. കുരുമുളക് കൃഷി നടത്തിയ 31 കർഷകർക്ക് വരൾച്ചമൂലം നഷ്ടമുണ്ടായി. ജാതി കൃഷി നടത്തിയ ആറ് കർഷകർക്കാണ് നാഷ്ടമുണ്ടായത്.
തെങ്ങുകളെയാണ് ജില്ലയിൽ കൂടുതലും വരൾച്ച ബാധിച്ചത്. 7333.31 ഹെക്ടർ തെങ്ങ് കൃഷി നശിച്ചു.
കുലച്ച കവുങ്ങിൽ നിന്ന് വിളവ് ലഭിക്കാതെ 327 കർഷകർക്കും 157 കർഷകർക്ക് കവുങ്ങ് കുലയ്ക്കാതെയും നഷ്ടമുണ്ടായി
വാഴക്കൃഷി നടത്തിയ 544 കർഷകർക്ക് വാഴ കുലച്ചെങ്കിലും വിളവ് ലഭിച്ചില്ല. 342 കർഷകർക്ക് വാഴ കുലയ്ക്കാതെ നഷ്ടമുണ്ടായി
വാഴയിലയ്ക്കുപോലും വില കുതിച്ചു
ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ പല സാധനങ്ങൾക്കും വില കൂടി. വാഴയിലകൾക്ക് വില കുത്തനെ കൂടി. വിവാഹ സദ്യകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി പേരാണ് വാഴയിലയ്ക്കായി മാർക്കറ്റുകളിൽ എത്തുന്നത്. പച്ചക്കറികൾക്കും പഴ വർഗങ്ങൾക്കും വില കൂടി. വിപണിയിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്ന മാമ്പഴത്തിനും പൈനാപ്പിളിനും തണ്ണിമത്തനുമെല്ലാം വില കുത്തനെ കൂടി.
ആവശ്യം കൂടിയെങ്കിലും വേനൽ കാർഷിക മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഉത്പാദനം കുത്തനേ കുറഞ്ഞപ്പോൾ വില വലിയ തോതിൽ കൂടുകയാണ്.
വ്യാപാരികൾ