നീലേശ്വരം: നേത്രാവതി എക്സ് പ്രസിന്റെയും കാച്ചിഗുട എക്സ് പ്രസിന്റെയും നീലേശ്വരം സ്റ്റോപ്പ് തുടരും. ഇത് സംബന്ധിച്ചുള്ള തുടർനടപടികൾ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വന്നു. 2024 ഫെബ്രുവരി 17 മുതൽ നേത്രാവതി എക്സ് പ്രസിനും മാർച്ച് 9 മുതൽ കാച്ചിഗുഡ എക്സ് പ്രസിനും പരീക്ഷണാടിസ്ഥാനത്തിൽ നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി യഥാക്രമം ആഗസ്റ്റ് 16, സെപ്തംബർ 6 എന്ന തീയതികളിൽ തീരാൻ ഇരിക്കെയാണ് സ്റ്റോപ്പ് നീട്ടി ഉത്തരവായത്. സ്റ്റോപ്പ് അനുവദിച്ചതിന് ശേഷവും തുടർന്ന് ഗ്രൂപ്പ് ബുക്കിംഗ് സംവിധാനവും നിലവിൽ വന്നതും കാരണം, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ വർദ്ധന ഉണ്ടായിരുന്നു. വിവരങ്ങൾ ചൂണ്ടിക്കാട്ടി നീലേശ്വരം റെയിൽവേ ഡവലപ്‌മെന്റ് കളക്ടീവ് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ മാനേജർക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്റ്റോപ്പുകൾ നീട്ടി ഉത്തരവായത്.