കാസർകോട്: പണയ സ്വർണമില്ലാതെ വ്യാജ വായ്പകൾ തരപ്പെടുത്തിയും മറ്റും അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് സി.പി.എം. ഭരണ നിയന്ത്രണത്തിലുള്ള മുള്ളേരിയയിലെ കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നടന്നതെന്നും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നതോടെ സംഘം പൂർണ്ണമായും നിശ്ചലാവസ്ഥയിലാണ്. സി.പി.എം. നിയന്ത്രണത്തിലുള്ള ജില്ലയിലെ പല സംഘങ്ങളിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി ഇതിനകം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഭരണ സ്വാധീനമുപയോഗിച്ചും സഹകരണ വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയുമാണ് തട്ടിപ്പ് മറയിട്ട് സി.പി.എം. നേതാക്കളും സംഘം ഭരണസമിതിയും മുന്നോട്ട് പോകുന്നത്.
അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ മൂന്ന് വർഷമായി തുടരുന്ന തട്ടിപ്പ് ഇതുവരെയായി സഹകരണ വകുപ്പ് അറിഞ്ഞിട്ടില്ലെന്നത് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. കള്ളന് കഞ്ഞി വെക്കുന്ന സമീപനമാണ് ജില്ലയിലെ സഹകരണ വകുപ്പിലെ ചില ജീവനക്കാർ നടത്തുന്നത്. ലക്ഷക്കണക്കിന് രൂപയും കോടികളുടെ സ്വർണവും കൈകാര്യം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങളിൽ നിർബന്ധമായും വാർഷിക ഓഡിറ്റ് കാര്യക്ഷമമായി നടത്തേണ്ടതുണ്ട്. അതുപോലെ കേരള ബാങ്കിൽ നിന്നും കാഷ് ക്രെഡിറ്റ് നൽകുമ്പോൾ സംഘങ്ങളുടെ സാമ്പത്തികമായ ഇടപാടുകൾ കൃത്യമായി പരിശോധിക്കുകയും ചെയ്യേണ്ട ബാദ്ധ്യതയും കേരളാ ബാങ്കിനുണ്ട്.
സഹകരണ സ്ഥാപനങ്ങളെ കട്ടുമുടിക്കുന്ന സി.പി.എം ഭരണത്തിനെതിരെയും കാറഡുക്ക അഗ്രിക്കൾച്ചർ വെൽഫെയർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ അഴിമതിയിൽ സി.പി.എം പാർട്ടിക്കും സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു
സർക്കാർ സഹായം പോലും നഷ്ടമായി
ഒരു സഹകരണ സ്ഥാപനത്തിന്റെ ലോക്കർ ഒരു വ്യക്തി ഒറ്റക്ക് കൈകാര്യം ചെയ്യുന്നു എന്നതും അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണ്. പണയ പണ്ടങ്ങൾ ഓരോ മൂന്ന് മാസം കൂടുമ്പോഴും പരിശോധിച്ച് അളന്ന് തൂക്കി നിജപ്പെടുത്തേണ്ടതും സംഘം ഭരണസമിതിയുടെയും സഹകരണ വകുപ്പിന്റെയും ചുമതലയാണ്.
എൻഡോസൾഫാൻ ദുരിത ബാധിതരായ കാറഡുക്കയിലെയും പരിസര പ്രദേശത്തുമുള്ളവർക്ക് സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം സർക്കാർ നൽകിയ സഹായ ധനം ഉൾപ്പെടെ പാവപ്പെട്ട നിരവധി പേരുടെ പണമാണ് നഷ്ടമായത്.