bustand
കോട്ടച്ചേരി ബസ് സ്റ്റാൻ‌ഡ്

കാഞ്ഞങ്ങാട്: നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ ഇനി തകരാനിടമില്ല. ചെറുതും വലുതുമായ അമ്പതിലേറെ കുഴികൾ ഇതിനകം തന്നെ ബസ് സ്റ്റാഡിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ഇറങ്ങിയും നിരങ്ങിയുമൊക്കെയാണ് ബസുകൾ വരികയും പോവുകയും ചെയ്യുന്നത്. രണ്ട് വർഷത്തിലേറെയായി ബസ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട്.

2022 ൽ കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിടുന്നതാണെന്നും ബസുകൾ ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ നിർത്തിയിടണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു. ആലാമിപ്പള്ളി ബസ് സ്റ്റാൻ‌ഡ് സജീവമാക്കുക എന്നതായിരുന്നു നഗരസഭയുടെ ഉദ്ദേശം. എന്നാൽ കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിടുന്നതോടെ വ്യാപാര മേഖലയെ സാരമായി ബാധിക്കുമെന്നതിനാൽ മർച്ചന്റ്സ് അസോസിയേഷൻ അന്ന് അതിനോട് യോജിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബസ് സ്റ്റാൻഡ് അടച്ചിടലും നടന്നില്ല.

ആലാമിപ്പള്ളി ബസ് സ്റ്റാൻഡിന്റെ പുതുമോടി മാറാതെ അതുപോലെ നിലനിൽക്കുകയും എന്നാൽ കോട്ടച്ചേരി ബസ് സ്റ്റാൻഡ് പുഴുക്കുത്തേറ്റപോലെ ആവുകയും ചെയ്തുയെന്നാണ് യാത്രക്കാരുടെ അഭിപ്രായം. അതോടൊപ്പം കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ റോഡിന് പടിഞ്ഞാറ് നടപ്പാതയിലെ ഒരു മരം കടപുഴകി വീഴാൻ പാകത്തിലാണ്. വൈദ്യുതി ലൈനുകളുൾപ്പെടെ ഇതിനിടയിലൂടെയാണ് കടന്നു പോകുന്നത്. ഇത് അതുവഴി വരുന്ന യാത്രക്കാരെയും ആശങ്കാകുലരാക്കുന്നുണ്ട്.

ബസ് സ്റ്റാൻഡിൽ എണ്ണിയാൽ 50 ലേറെ കുഴികൾ

അറ്റകുറ്റപ്പണികൾ ഇല്ലാതായിട്ട് രണ്ട് വർഷം കഴിഞ്ഞു

ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് സജീവമാക്കാൻ കോട്ടച്ചേരിയെ തഴഞ്ഞു

കടപുഴകി വീഴാൻ പാകത്തിലായ മരമുൾപ്പെടെ യാത്രക്കാർക്ക് ഭീഷണി


ബസ് സ്റ്റാൻഡ് നവീകരിക്കണം: മുസ്ലിം ലീഗ്

കോട്ടച്ചേരി ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ധർണ നടത്തി. മുനിസിപ്പൽ ലീഗ് പ്രസിഡന്റ് അബ്ദുൽ റസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലാം മീനാപ്പീസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി കെ.കെ.ജാഫർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ ആവിയിൽ, മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, ഇർഷാദ് ആവിയിൽ, സാദിക്ക് പടിഞ്ഞാർ, അലി കുശാൽനഗർ, റംഷീദ് തോയമ്മൽ, ഇക്ബാൽ വെള്ളിക്കോത്ത്, ഇബ്രാഹിം പള്ളിക്കര, അജ്മൽ ബദ്രിയ നഗർ, കമാൽ മുക്കൂട്, യൂനുസ് വടകര മുക്ക് തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ബദരിയാ നഗർ സ്വാഗതവും ൈസിദ്ധീഖ് ഞാണിക്കടവ് നന്ദിയും പറഞ്ഞു.