tlpm

വാർഡുകൾ 35 ആകും

തളിപ്പറമ്പ്: അടുത്ത വർഷം വരാനിരിക്കുന്ന തദ്ദേശസ്ഥാപനതിരഞ്ഞെടുപ്പ് മുൻനിർത്തി വാർഡ് വിഭജനം നടക്കുമെന്ന് ഉറപ്പായിരിക്കെ തളിപ്പറമ്പ് നഗരസഭയിൽ ആധിപത്യം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമെന്ന് ഉറപ്പായി. പതിനഞ്ച് വർഷത്തിന് ശേഷമുള്ള വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് മന്ത്രിസഭ യോഗത്തിൽ എത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തളിപ്പറമ്പ് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുപിടിക്കാനുള്ള ആലോചനകൾ പുരോഗമിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിൽ പുതുതായി ഒരു വാർഡ് രൂപീകരിക്കാനാണ് തീരുമാനം. ഇതിനനുസരിച്ച് മറ്റ് വാർഡുകളുടെ അതിരുകളിലും മാറ്റം വരും. അനുകൂലമായ രീതിയിൽ വാർഡ് വിഭജനം വന്നാൽ നിലവിൽ കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് ഭരിക്കുന്ന മൂന്ന് നഗരസഭകളിൽ ഒന്നായ തളിപ്പറമ്പിനെ തിരിച്ചുപിടിക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.
നിലവിൽ തളിപ്പറമ്പിൽ 34 വാർഡുകളാണുള്ളത്. ഭരണസമിതിയിൽ യു.ഡി.എഫ് 19,​എൽ.ഡി.എഫ് 12,​ ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.മുൻഭരണസമിതിയിൽ ഏഴ് കൗൺസിലർമാരുണ്ടായിരുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ നാലുപേരെ മാത്രമാണ് വിജയിപ്പിക്കാനായത്.

മന്നയിൽ വോട്ടർമാർ 590;

കൂവോട് ഇരട്ടിയോളം

യു.ഡി.എഫ് സർക്കാർ മുൻകൈയടുത്ത് നടത്തിയ പുനർവിഭജനത്തിൽ മന്ന വാർഡിൽ 590 വോട്ടർമാരെ മാത്രം ഉൾപ്പെടുത്തിയപ്പോൾ സി.പി.എം കേന്ദ്രങ്ങളിലെ വാർഡുകളിൽ 1500 ഓളം വോട്ടർമാരെ ഉൾപ്പെടുത്തി. ഇതിലൂടെ മുസ്ലിം ലീഗ് ഭരണസമിതിയിലെ അംഗസംഖ്യ പത്തിൽ നിന്ന് പതിനഞ്ചാക്കി വർദ്ധിപ്പിച്ചെടുത്തു. അതെ സമയം മുൻകാലങ്ങളിൽ ഒറ്റ വാർഡിൽ ഒതുങ്ങിയ ബി.ജെ.പി കഴിഞ്ഞ തവണ മൂന്നിലേക്ക് എത്തിയിരുന്നു.

പതിനെട്ട് ലക്ഷ്യമിട്ട് സി.പി.എം

കുപ്പം മുതൽ കരിമ്പം വരെയുള്ള 17 വാർഡുകളിൽ പുഴക്കുളങ്ങരയും രാജരാജേശ്വര വാർഡും ഒഴികെ 15 ഇടത്തും ലീഗാണ് ജയിച്ചത്. ഇവിടെയെല്ലാം വോട്ടർമാരുടെ എണ്ണം മറ്റ് വാർഡുകളെ അപേക്ഷിച്ച് നന്നേകുറവാണ്. വലിയ വാർഡുകളായ ചാലത്തൂരും പുളിമ്പറമ്പും പുനക്രമീകരിച്ചാൽ സി.പി.എമ്മിന്റെ സാദ്ധ്യത വർദ്ധിക്കും. ബി.ജെ.പിയുടെ നിലവിലുള്ള വാർഡുകൾ പുനഃക്രമീകരിക്കുന്നതോടെ ഒന്നിലേക്കും കോൺഗ്രസിന്റെ പക്കലുള്ള നാല് വാർഡുകൾ മൂന്നിലേക്ക് ചുരുക്കാനും സാദ്ധ്യത നിലവിലുണ്ട്. കുറ്റിക്കോൽ വാർഡിൽ നിന്നും നിന്ന് കുറച്ച് വോട്ട് മാറ്റിയാൽ കോൺഗ്രസിൽ നിന്ന് കാക്കാൻചാൽ വാർഡ് പിടിച്ചെടുക്കാൻ സി.പി.എമ്മിന് സാധിക്കും. കോൺഗ്രസിന് വലിയ മത്സരമില്ലാതെ ജയിക്കാൻ കഴിയുന്ന വാർഡ് പൂക്കോത്ത് തെരു മാത്രമാകും.

മൂന്നു തവണ ഭരിച്ചിട്ടുണ്ട്

നേരത്തെയും തളിപ്പറമ്പ് നഗരസഭ സി.പി.എം ഭരിച്ചിട്ടുണ്ട്.അന്ന് ആന്തൂർ ഗ്രാമപഞ്ചായത്തിനെ തളിപ്പറമ്പ് നഗരസഭയോട് കൂട്ടിച്ചേർത്ത കാലത്തായിരുന്നു അത്.ഇത് തിരിച്ചറിഞ്ഞ യു.ഡി.എഫ് സർക്കാർ ആന്തൂരിനെ നഗരസഭയാക്കി മാറ്റി തളിപ്പറമ്പിനെ സ്വന്തം കോട്ടയാക്കി. അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ 1200 ഓളം പുതിയ വാർഡുകൾ പുനർവിഭജനത്തിലൂടെ ഉണ്ടാകുമ്പോൾ തളിപ്പറമ്പ് വീണ്ടും പിടിച്ചെടുക്കാനുള്ള അവസരമാണ് എൽ.ഡി.എഫിന് കൈവരുന്നത്.