കണ്ണൂർ: ജില്ലയിൽ പുതുതായി 13.58 ഏക്കർ തരിശ് ഭൂമിയിൽ കൂടി പച്ചത്തുരുത്തൊരുക്കാൻ ഹരിത കേരളം മിഷൻ. 24 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പുതിയ 37 ഇടങ്ങളിൽ പച്ചത്തുരുത്ത് ഒരുക്കുന്നത്.
ജൂൺ മാസം മുതൽ നടീൽ ആരംഭിക്കാൻ കഴിയും വിധമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഔഷധി), വനം വകുപ്പ് സാമൂഹിക വനവല്ക്കരണ വിഭാഗം, സ്വകാര്യ നഴ്സറികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവിടങ്ങളിൽ നിന്നാണ് പച്ചത്തുരുത്തിലേക്കാവശ്യമായ വൃക്ഷ തൈകൾ ശേഖരിക്കുന്നത്.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ പച്ചത്തുരുത്ത് ഒരുക്കുന്നത്. ജില്ലയിൽ നിലവിൽ 263 ഏക്കർ ഭൂമിയിൽ147 പച്ചത്തുരുത്തുകൾ വളരുന്നുണ്ട്. എന്നാൽ ഒരു പച്ചത്തുരുത്ത് പോലും ഇല്ലാത്ത ആറ് ഗ്രാമ പഞ്ചായത്തുകൾ ജില്ലയിൽ ഉണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 2025 ജൂലായ് മാസത്തിനകം പച്ചത്തുരുത്തുകൾ ഉണ്ടാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.


പച്ചത്തുരുത്ത് ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ

1. തലശ്ശേരി ബ്ലോക്ക്: ന്യൂമാഹി, മുഴപ്പിലങ്ങാട്

2. ഇരിട്ടി ബ്ലോക്ക്: തില്ലങ്കേരി

3. എടക്കാട് ബ്ലോക്ക്: കൊളച്ചേരി, കടമ്പൂർ

4. കണ്ണൂർ ബ്ലോക്ക്: വളപട്ടണം

5. പേരാവൂർ ബ്ലോക്ക്: കൊട്ടിയൂർ

6. ഇരിക്കൂർ ബ്ലോക്ക്: ഇരിക്കൂർ

7. പയ്യന്നൂർ ബ്ലോക്ക്: ചെറുപുഴ

8. തളിപ്പറമ്പ് ബ്ലോക്ക്: നടുവിൽ


30,000 കണ്ടലുകൾ
നടാനൊരുങ്ങി മുഴപ്പിലങ്ങാട്


മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലൂടെ ഒഴുകുന്ന അഞ്ചരക്കണ്ടി പുഴയുടെ തീരങ്ങളിൽ
മുപ്പതിനായിരം കണ്ടൽ ചെടികൾ ഈ വർഷം നട്ടു പിടിപ്പിക്കും. കണ്ണൂർ കണ്ടൽ പ്രൊജക്ടിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റേയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെയാണ് കണ്ടൽ നട്ടുപിടിപ്പിക്കുന്നത്. ഇതിനാവശ്യമായ പരിശീലനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച്നൽകി. കണ്ടൽ വ്യാപനത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് പഞ്ചായത്തിൽ പുതിയ കണ്ടൽ നഴ്സറി കൂടി തയ്യാറാക്കും.