പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് ഭരസമിതി വടക്കുമ്പാട് പ്രദേശത്തോട് അവഗണന കാണിക്കുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗ് രാമന്തളി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. കാൽനട യാത്ര പോലും ദുസ്സഹമായ രാമന്തളി വടക്കുമ്പാട് ഹാജി റോഡ്, മൗലവി റോഡ്, മൗലവി ലിങ്ക് റോഡ്, മുഹിയിദ്ധീൻ പള്ളിമൂരിക്കോട് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുക , വടക്കുമ്പാട് പുതുതായി അനുവദിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ്ണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു. ഉസ്മാൻ കരപ്പാത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അഷ്രഫ്, പി.എം.ലത്തീഫ് , വി.വി.ഉണ്ണികൃഷ്ണൻ, പി.പി.മുഹമ്മദലി, കക്കുളത്ത് അബ്ദുൽ ഖാദർ, പി.മൊയ്തു, എം.ശുഹൈബെ ,കെ.സി.ഖാദർ, സി.ജയരാജൻ, പി.അബ്ദുൽ അസീസ്, മുഹമ്മദ് കരമുട്ടം, പി.ഹമീദ് പ്രസംഗിച്ചു .
സമരത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം: പഞ്ചായത്ത് പ്രസിഡന്റ്
തികച്ചും രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടാണ് മുസ്ലിം ലീഗ് , അനാവശ്യ ധർണ്ണ നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ. ഭരണ സമിതി എല്ലാ വാർഷിക പദ്ധതികളിലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഫണ്ട് അനുവദിക്കാറുള്ളത്.
ഫണ്ട് വിനിയോഗ കാര്യത്തിൽ ഭരണ സമിതി യോഗത്തിൽ പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകാറില്ല. ധർണ്ണയിൽ ഉന്നയിച്ച റോഡുകളുടെ പ്രവൃത്തി എല്ലാം ടെൻഡർ ആയതാണ്. 2023 നവംബറിലാണ് വടക്കുമ്പാട് കുടുംബക്ഷേമ കേന്ദ്രത്തിന് റോഡ് സൗകര്യമുള്ള സ്ഥലം സൗജന്യമായി റജിസ്റ്റർ ചെയ്ത് കിട്ടിയത് .തുടർന്ന് ഡി.എം.ഒ.യെ ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ചു കിട്ടുവാനുള്ള നടപടികൾ നടന്ന് വരികയാണ്. ഫണ്ട് വേഗം അനുവദിച്ചു കിട്ടുമെന്നാണ് ലഭിച്ചിട്ടുള്ള വിവരം. ഈ കാര്യങ്ങളെല്ലാം കൃത്യമായും വ്യക്തതയോടും കൂടി വടക്കുമ്പാട് പ്രദേശങ്ങളിൽ നടന്ന ഗ്രാമസഭ യോഗത്തിൽ വരെ ചർച്ച ചെയ്ത് ബോധ്യപ്പെടുത്തിയ വസ്തുതകളാണെന്നും പ്രസിഡന്റ് പറഞ്ഞു.